ന്യൂഡൽഹി: ഉത്തർപ്രദേശിൽ 'ശ്രീ കൃഷ്ണ ജന്മഭൂമിക്ക്' സമീപം സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്‌ഗാഹ് മസ്ജിദ് പൊളിച്ച് മാറ്റി ഭൂമി പൂർണമായും ക്ഷേത്രത്തിന് നൽകിയാൽ മറ്റൊരിടത്ത് അധികഭൂമി നൽകാമെന്ന് മഥുര കോടതിയിൽ അപേക്ഷ. ശ്രീ കൃഷ്ണ ജന്മഭൂമി മുക്കി ആന്തോളൻ സമിതിയാണ് 'പ്രശ്നപരിഹാരം ' എന്ന നിലയിൽ നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
അഭിഭാഷകൻ മഹേന്ദ്ര പ്രതാപ് സിംഗ് വഴിയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
നിലവിലെ മസ്ജിദ്, മസ്ജിദ് കമ്മിറ്റി തന്നെ പൊളിച്ച് മാറ്റി ഭൂമി തിരികെ നൽകിയാൽ ക്ഷേത്രപരിസരത്തെ സർക്യൂട്ടിന് പുറത്തായി അധികം ഭൂമി അനുവദിച്ച് നൽകാമെന്നാണ് അപേക്ഷയിലെ നിർദേശം. അപേക്ഷ ജൂലായ് 5ന് കോടതി പരിഗണിക്കും. ഈദ് ഗാഹ് മസ്ജിദ് കൃഷ്ണ ജന്മഭൂമിയിലാണ് നിർമിച്ചിരിക്കുന്നതെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ചിരിക്കുന്ന ഹർജികളും അടിയന്തിരമായി പരിഗണിക്കണമെന്ന് അപേക്ഷയിൽ ആവശ്യപ്പെടുന്നു.