ravisankar-prasad

 പാർലമെന്ററി സമിതി വിശദീകരണം തേടും

ന്യൂഡൽഹി: ടെലിവിഷൻ അഭിമുഖത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചത് അമേരിക്കയിലെ പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ടെലികോം, ഐ.ടി മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ട്വിറ്റർ ഒരു മണിക്കൂർ മരവിപ്പിച്ചു. പുതിയ ഐ.ടി ചട്ടങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും ട്വിറ്ററും തമ്മിൽ പോരു തുടരുന്നതിനിടെയാണ് സംഭവം.

ഇന്നലെ മന്ത്രി രവിശങ്കർ പ്രസാദ് ട്വിറ്ററിലൂടെയാണ് തന്റെ അക്കൗണ്ട് ഒരു മണിക്കൂർ നേരം ബ്ളോക്ക് ചെയ്ത വിവരം അറിയിച്ചത്. ഒരു ടെലിവിഷൻ അഭിമുഖത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചതിനെതിരെ പരാതി ലഭിച്ചെന്നും ഡിജിറ്റൽ മാദ്ധ്യമങ്ങളിലെ പകർപ്പവകാശവുമായി ബന്ധപ്പെട്ട യു.എസ്.എയിലെ ഡിജിറ്റൽ മില്ലെനിയം നിയമം പ്രകാരം അക്കൗണ്ട് മരവിപ്പിച്ചതാണെന്നും ട്വിറ്റർ വിശദീകരിച്ചിരുന്നു. നിയമലംഘനം ആവർത്തിച്ചാൽ അക്കൗണ്ട് റദ്ദാക്കുമെന്ന് മുന്നറിയിപ്പും നൽകി.

മുൻകൂട്ടി അറിയിക്കാതെ അക്കൗണ്ട് മരവിപ്പിച്ചത് പുതിയ ഐ.ടി ചട്ടങ്ങളുടെ ലംഘനമാണെന്ന് രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി. ട്വിറ്റർ ഐ.ടി ചട്ടങ്ങൾ ലംഘിക്കുന്നത് വിശദീകരിച്ച ടെലിവിഷൻ അഭിമുഖമാണ് പ്രശ്നമായത്. ഇതോടെ ട്വിറ്റർ എന്തുകൊണ്ടാണ് ഐ.ടി ചട്ടങ്ങൾ നടപ്പാക്കാത്തതെന്ന് വ്യക്തമായി. തന്റെ ടി.വി അഭിമുഖങ്ങൾ ഏറെക്കാലമായി സാമൂഹമാദ്ധ്യമങ്ങളിൽ പങ്കിടാറുണ്ടെന്നും ആരും പരാതിപ്പെട്ടിട്ടില്ലെന്നും രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ സ്വന്തം അജണ്ട നടപ്പാക്കുകയാണവർ. എന്തു വന്നാലും ട്വിറ്റർ പുതിയ ഐ.ടി ചട്ടങ്ങൾ പാലിച്ചേ മതിയാകൂ എന്നും മന്ത്രി വ്യക്തമാക്കി.

ഡിജിറ്റൽ മില്ലെനിയം നിയമം:

ഡിജിറ്റൽ മാദ്ധ്യമങ്ങളിലെ പകർപ്പവകാശ ലംഘനങ്ങൾ നിയന്ത്രിക്കാൻ 1998ൽ അമേരിക്കയിൽ നിലവിൽ വന്ന നിയമം.

പാർലമെന്ററി സമിതി

വിശദീകരണം തേടും

കേന്ദ്രമന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ച സംഭവത്തിൽ ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് ഐ.ടി വിഷയത്തിലെ പാർലമെന്ററി സമിതി അദ്ധ്യക്ഷൻ ശശി തരൂർ അറിയിച്ചു. ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ യു.എസ് നിയമം എങ്ങനെ ബാധകമാകുമെന്ന് വിശദീകരിക്കണം. ബോണി എമ്മിന്റെ പ്രശസ്തമായ റാസ്‌പുടിൻ ഗാനം അടങ്ങിയ വീഡിയോ പങ്കുവച്ചതിന് തന്റെ അക്കൗണ്ടും മുമ്പ് താത്ക്കാലികമായി മരവിപ്പിച്ചിട്ടുണ്ടെന്നും ശശി തരൂർ പറഞ്ഞു.