ന്യൂഡൽഹി: റഷ്യൻ നിർമ്മിത കൊവിഡ് വാക്സിൻ സ്‌പുട്നിക് വി അടുത്ത മാസം മുതൽ ബാംഗളൂരിൽ വിതരണം തുടങ്ങുമെന്ന് റെഡ്ഡീസ് ലാബോറട്ടറീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച ബംഗളൂരു മണിപ്പാൽ ആശുപത്രിയിൽ സ്‌പുട്നിക് വിതരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സ്റ്റോക്ക് എത്തിയിരുന്നില്ല. 21 ദിവസത്തെ ഇടവേളകളിൽ ഒന്നും രണ്ടും ഡോസ് നൽകാനുള്ള വാക്സിനും മൈനസ് 18 താപനിലയിൽ അവ സൂക്ഷിക്കാനുള്ള സംഭരണികളും ഉറപ്പാക്കിയ ശേഷമേ സ്‌പുട്നിക് വി കുത്തിവയ്പ് തുടങ്ങൂ. ആദ്യഘട്ടത്തിൽ ബംഗളൂരു, വിശാഖപട്ടണം, ഡൽഹി, മുംബയ്, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലാണ് സ്പുട്നിക് എത്തിക്കുന്നത്.