ന്യൂഡൽഹി: 1975ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ വിമർശിച്ച് കോൺഗ്രസിനെ ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'സംവിധാനങ്ങളുടെ സംഘടിതമായ തകർച്ചയ്ക്കാണ്' ആ കാലഘട്ടം സാക്ഷ്യം വഹിച്ചതെന്നും മോദി കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ വിമർശനം.
'അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ ഒരിക്കലും മറക്കാനാകില്ല. 1975 മുതൽ 1977 വരെയുള്ള കാലം സാക്ഷ്യം വഹിച്ചത് സംവിധാനങ്ങളുടെ സംഘടിതമായ തകർച്ചയാണ്. ഇന്ത്യയുടെ ജനാധിപത്യ മികവ് ശക്തിപ്പെടുത്താൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാമെന്ന് പ്രതിജ്ഞ ചെയ്യാം. ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കായി ജീവിക്കാമെന്ന് ' ട്വീറ്റിൽ അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയിൽ എന്തൊക്കെ വിലക്കപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കി ബി.ജെ.പി തയാറാക്കിയ ചെറു വീഡിയോയും ഉൾപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ ചെയ്ത പോസ്റ്റിൽ അദ്ദേഹം 'ഇങ്ങനെയാണ് കോൺഗ്രസ് നമ്മുടെ ജനാധിപത്യ സ്വഭാവത്തെ ചവിട്ടിയരച്ചത്. ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിച്ച് അടിയന്തരാവസ്ഥയെ എതിർത്ത മഹാന്മാരെ നമ്മൾ ഓർമിക്കണ'മെന്നും പറയുന്നുണ്ട്.
46 വർഷങ്ങൾക്ക് മുമ്പ് ജൂൺ 25നാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.