ന്യൂഡൽഹി: കേന്ദ്ര ഐ.ടി, നിയമ മന്ത്രി രവിശങ്കർ പ്രസാദിന്റെ ട്വിറ്റർ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചത് എ.ആർ. റഹ്‌മാൻ സംഗീതം നൽകിയ 'മാ തുഝേ സലാം' എന്ന ഗാനം അനധികൃതമായി പങ്കുവച്ചതിന്. അക്കൗണ്ട് മരവിപ്പിക്കുന്നതിന് മുൻപ് മന്ത്രിയെ അറിയിച്ചിരുന്നതായി ട്വിറ്റർ വിശദീകരിക്കുന്നു. ഇൻഡോ-പാക് യുദ്ധവാർഷിക ദിനത്തോടനുബന്ധിച്ച് 2017ലാണ് മന്ത്രി സൈനികർക്ക് അഭിവാദ്യം അർപ്പിച്ച വീഡിയോയും പശ്ചാത്തലത്തിൽ എ.ആർ. റഹ്‌മാന്റെ ഗാനവും പങ്കുവച്ചത്. ഈ ഗാനത്തിന്റെ പകർപ്പവകാശമുള്ള സോണി മ്യൂസിക് എന്റർടെയ്ൻമെന്റിന്റെ പരാതി പരിഗണിച്ചാണ് രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ചതെന്നും ഇതു സംബന്ധിച്ച പരാതി ജൂൺ 25നാണ് ലഭിച്ചതെന്നും ട്വിറ്റർ പറയുന്നു. യു.എസിലെ ഡിജിറ്റൽ മില്ലേനിയം പകർപ്പവകാശ നിയമം അനുസരിച്ചാണ് നടപടി. എന്നാൽ ഇന്ത്യൻ നിയമം പാലിക്കാൻ വിമുഖ കാട്ടുന്ന ട്വിറ്റർ യു.എസ് നിയമം അനുസരിച്ച് മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ചത് വിശദീകരിക്കാൻ ആവശ്യപ്പെട്ട് നോട്ടീസയയ്‌ക്കാൻ ഐ.ടി പാർലമെന്ററി സമിതി തീരുമാനിച്ചിട്ടുണ്ട്.