ന്യൂഡൽഹി : ആഗസ്‌റ്റോടെ 12-18 പ്രായപരിധിയിലുള്ളവർക്ക് കൊവിഡ് പ്രതിരോധകുത്തിവയ്പ് തുടങ്ങാൻ കഴിയുമെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ). സൈഡസ് കാഡില വാക്‌സിന്റെ പരീക്ഷണം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. ജൂലായ് അവസാനത്തോടെയോ ആഗസ്‌റ്റോടെയോ ഈ വാക്‌സിൻ കുട്ടികൾക്ക് നൽകാൻ കഴിയുമെന്നും ഐ.സി.എം.ആർ കൊവിഡ് വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ.കെ. അറോറ പറഞ്ഞു. രാജ്യത്ത് മൂന്നാം തരംഗം വൈകാനാണ് സാദ്ധ്യതയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന്. ആറ് മുതൽ എട്ട് മാസം വരെ സാവകാശം ലഭിച്ചേക്കുമെന്നും അതിനകം മുഴുവൻ ജനങ്ങൾക്കും വാക്‌സിനേഷൻ സാദ്ധ്യമാകുമെന്നും അറോറ പ്രതീക്ഷ പ്രകടിപ്പിച്ചു.
കുട്ടികൾക്ക് വാക്‌സിൻ ലഭ്യമാക്കുന്നത് കൊവിഡിനെതിരായ പോരാട്ടത്തിൽ സുപ്രധാന വഴിത്തിരിവാകുമെന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയും പ്രതികരിച്ചു. ഇതോടെ സ്‌കൂളുകൾ തുറക്കുന്നതിനടക്കം വഴിയൊരുങ്ങും. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ രണ്ട് മുതൽ 18 വയസുവരെയുള്ള കുട്ടികളിൽ നടത്തിയ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളുടെ ഡേറ്റ സെപ്തംബറിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. അതിനുമുമ്പ് ഫൈസർ വാക്‌സിന് അനുമതി ലഭിച്ചാൽ അതും ലഭ്യമാക്കും.