എൻ.ഐ.എ അന്വേഷണം ആരംഭിച്ചു
ന്യൂഡൽഹി: ജമ്മു വ്യോമത്താവളത്തിൽ നടന്ന സ്ഫോടനങ്ങൾക്ക് പിന്നാലെ ഡ്രോണുകൾ ഉപയോഗിച്ച് കാലൂചക് സൈനികത്താവളം ആക്രമിക്കാനുള്ള ഭീകരരുടെ നീക്കം സുരക്ഷാസേന വിഫലമാക്കി. കൂടുതൽ ആക്രമണങ്ങളുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് തന്ത്രപ്രധാന കേന്ദ്രങ്ങളിലെ കാവൽ ശക്തിപ്പെടുത്തി. അതിനിടെ, വ്യോമസേനാ താവളത്തിലെ ഡ്രോൺ ആക്രമണത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം തുടങ്ങി. ഞായറാഴ്ച പുലർച്ചെയാണ് ജമ്മു വിമാനത്താവളത്തിലെ വ്യോമത്താവളത്തിൽ ഇരട്ടസ്ഫോടനമുണ്ടായത്. വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നലെ പുനഃസ്ഥാപിച്ചു. രത്നുചക്-കാലൂചക്ക് മേഖലയിൽ ജമ്മു-പത്താൻകോട്ട് ഹൈവേയിൽ ഞായറാഴ്ച രാത്രി 11.30നും ഇന്നലെ പുലർച്ചെ ഒന്നരയ്ക്കുമാണ് രണ്ട് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. റഡാറിൽ ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയ ഉടൻ സുരക്ഷാസേന വെടിയുതിർത്തു. തുടർന്ന് രണ്ട് ഡ്രോണുകളും തിരികെ പറന്നതായി കരസേന അറിയിച്ചു. സൈന്യം ജാഗരൂകരായി ഇരുന്നതിനാൽ ആക്രമണം ഒഴിവായതായി സൈനിക വക്താവ് പറഞ്ഞു.പാക് ഭീകരർ ഡ്രോൺ ഉപയോഗിച്ച് വ്യാപക ആക്രമണത്തിന് പദ്ധതിയിട്ടെന്ന സൂചനയെ തുടർന്ന് ജമ്മു-കാശ്മീരിലെ സൈനികത്താവളങ്ങൾക്കും വിമാനത്താവളങ്ങൾക്കും സുരക്ഷ വർദ്ധിപ്പിച്ചു. ഡ്രോണുകൾ വെടിവച്ചിടാനുള്ള തോക്കുകളുമായി എൻ.എസ്.ജി കമാൻഡോകളെ വിന്യസിച്ചിട്ടുണ്ട്.ശ്രീനഗർ വിമാനത്താവളം, ശ്രീനഗർ ടെക്നിക്കൽ വിമാനത്താവളം, ആവന്തിപോറ, അംബാല, പത്താൻകോട്ട് വ്യോമത്താവളങ്ങളിലും കാവൽ ശക്തമാക്കി.
എൻ.ഐ.എ അന്വേഷണം
അതീവ സുരക്ഷയുള്ള ജമ്മു വിമാനത്താവളത്തിലെ വ്യോമത്താവളത്തിൽ ഉണ്ടായ ഇരട്ടസ്ഫോടനത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം തുടങ്ങി. രണ്ട് ഡ്രോണുകളിലും ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക‌്സ്‌പ്ളോസീവ് ഡിവൈസ്) ഘടിപ്പിച്ചാണ് സ്ഫോടനം നടത്തിയതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. കൂടുതൽ ആഘാതമുണ്ടാക്കാൻ ആർ.ഡി.എക്സ് ഉപയോഗിച്ചിരിക്കാമെന്നാണ് നിഗമനം. വിമാനത്താവളത്തിൽ നിറുത്തിയിട്ട വിമാനങ്ങളും ഹെലികോപ്ടറുകളുമാണ് ലക്ഷ്യമിട്ടതെന്ന് സുരക്ഷാ സേന കരുതുന്നു. പാക് അതിർത്തിയിൽ നിന്ന് 14 കിലോമീറ്റർ മാത്രം അകലെയുള്ള വ്യോമത്താവളത്തിൽ വിദൂര നിയന്ത്രണമുള്ള ഡ്രോണുകളിൽ ഘടിപ്പിച്ച ഐ.ഇ.ഡി ലക്ഷ്യസ്ഥാനത്ത് നിക്ഷേപിക്കുകയായിരുന്നു. റഡാറുകളുടെ കണ്ണുവെട്ടിച്ച് താഴ്ന്ന് പറക്കുന്ന ഡ്രോണുകളുടെ സഹായത്തോടെ ആയുധങ്ങൾ കടത്തുന്നത് പതിവാണെങ്കിലും ബോംബ് സ്ഫോടനം നടത്തുന്നത് ആദ്യമാണ്. എൻ.ഐ.എയും സേനകളുടെ അന്വേഷണ സംഘങ്ങളും സ്ഫോടനമുണ്ടായ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. ആർ.ഡി.എക്സ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഫോറൻസിക് പരിശോധനയിൽ മാത്രമെ വ്യക്തമാകൂ.