ന്യൂഡൽഹി: ബാധയൊഴിപ്പിക്കാനെന്ന പേരിൽ സ്ത്രീകളെ വെള്ളത്തിൽ മുക്കി ആഭിചാരക്രിയ നടത്തിയതിന് 30 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. സംഘം നദിയുടെ തീരത്തുനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നിങ്ങനെ: ''ബാധയൊഴിപ്പിക്കാനെന്ന പേരിൽ സ്ത്രീകളുടെ കൈകൾ കയറുകൊണ്ട് കെട്ടി മർദ്ദിച്ചവശയാക്കി വാദ്യോപകരണങ്ങൾ മുഴക്കി പുഴയിൽ മുക്കുകയായിരുന്നു. സിന്ദൂരവും ചെറുനാരങ്ങയും അടക്കമുള്ളവയും ഉപയോഗിച്ചിരുന്നു. പ്രദേശവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തി മന്ത്രവാദം നടത്തുന്നവരെ കൈയോടെ പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയില്ലെന്നും നടപടിയെടുക്കുമെന്നും പൊലീസ് ഓഫിസർ ദിനേശ് കുമാർ സിംഗ് പറഞ്ഞു.