prashant-bhooshan

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്സിനുകൾക്കെതിരായി ട്വീറ്റ് ചെയ്ത മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണിന് മുന്നറിയിപ്പ് നൽകി ട്വിറ്റർ. വാക്സിൻ വിരുദ്ധ നിലപാടിനെതിരെ സമൂഹമാദ്ധ്യമങ്ങളിലും ഭൂഷണിനെതിരെ ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്.

മതിയായ പരീക്ഷണങ്ങളോ പഠനങ്ങളോ നടത്താതെയാണ് ജനങ്ങൾക്ക് വാക്സിൻ നൽകുന്നതെന്ന് പ്രശാന്ത് ഭൂഷൺ തുടക്കം മുതൽക്കേ വിമർശനം ഉയർത്തിയിരുന്നു. വാക്സിൻ സ്വീകരിച്ച സ്ത്രീ മരിച്ചെന്ന വാർത്തയുടെ സ്‌ക്രീൻ ഷോട്ടുകൾ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. വാക്സിൻ എടുത്തത് കാരണമാണ് തന്റെ ഭാര്യ മരിച്ചതെന്നാണ് ഇവരുടെ ഭർത്താവിന്റെ ആരോപണം. സർക്കാർ വാക്സിന്റെ പ്രതികൂല ഫലങ്ങൾ നിരീക്ഷിക്കുകയോ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നില്ലെന്ന് ഭൂഷൺ വിമർശിച്ചു.

ആരോഗ്യമുള്ള ഒരാൾക്ക് കൊവിഡ് ബാധിച്ചാലും രൂക്ഷമാകില്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം. എന്നാൽ, വാക്സിൻ കാരണം ഇവർ മരിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. വാക്സിൻ നൽകുന്നതിനെക്കാൾ കൂടുതൽ പ്രതിരോധശേഷി, കൊവിഡ് മുക്തി നേടുന്നവർക്ക് പ്രകൃത്യാ ലഭിക്കുന്നുണ്ട്. ആർജിത പ്രതിരോധ ശേഷിയെ വാക്സിൻ ചിലപ്പോൾ ഇല്ലാതാക്കുമെന്നും ഒരു ട്വീറ്റിൽ പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഈ ട്വീറ്റിന് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന ലേബൽ ട്വിറ്റർ നൽകി. മറ്റൊരു ട്വീറ്റിനും മുന്നറിയിപ്പ് ലേബൽ നൽകിയിട്ടുണ്ട്.

എന്നാൽ താൻ ഒരു വാക്‌സിൻ വിരുദ്ധനല്ലെന്നും മതിയായ പരീക്ഷണങ്ങളോ പഠനങ്ങളോ നടത്താതെ സാർവത്രിക വാക്‌സിനേഷൻ നടപ്പാക്കുന്നതിനെയാണ് എതിർക്കുന്നതെന്നും ഭൂഷൺ പ്രതികരിച്ചു. താൻ വാക്‌സിൻ സ്വീകരിച്ചിട്ടില്ലെന്നും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.