drone

ന്യൂഡൽഹി: ജൂൺ 27ന് ഞായറാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു വ്യോമത്താവളത്തിൽ ഡ്രോണുകളെ കണ്ടെത്തി പ്രവർത്തനരഹിതമാക്കുന്ന സംവിധാനം സ്ഥാപിച്ചു. അതിനിടെ ഇന്നലെയും ജമ്മുവിൽ പലയിടത്തായി ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത് ആശങ്ക പരത്തി. അക്രമ ഭീഷണി നിലനിൽക്കുന്നതിനാൽ ജമ്മുകാശ്മീരിൽ ഡ്രോണുകളുടെ ഉപയോഗം വിലക്കി.

റഡാറുകളുടെ കണ്ണിൽപ്പെടാതെ താഴ്ന്നു പറക്കുന്ന ഡ്രോണുകൾ ഞായറാഴ്ചത്തെ സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കാമെന്ന നിഗമനത്തിലാണ് വ്യോമത്താവളത്തിന്റെ സുരക്ഷ ഏറ്റെടുത്ത നാഷണൽ സെക്യൂരിറ്റി ഗാർഡ് അടിയന്തരമായി ഡ്രോൺ പ്രതിരോധ സംവിധാനം ഏർപ്പെടുത്തിയത്. താഴ്ന്നു പറക്കുന്ന ഡ്രോണുകളിൽ നിന്നുള്ള റേഡിയോ തരംഗങ്ങൾ തിരിച്ചറിയാനും അവയുടെ പ്രവർത്തനം സ്തംഭിപ്പിക്കാനുള്ള ജാമറുകളും വെടിവച്ചിടാനുള്ള തോക്കുകളുമാണ് സ്ഥാപിച്ചത്. ജമ്മുകാശ്മീരിലെ പ്രത്യേകിച്ചും അതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇത്തരം പ്രതിരോധ സംവിധാനം സ്ഥാപിക്കുമെന്നാണ് സൂചന. സ്ഫോടനത്തിന് ശേഷം ഏഴ് ഡ്രോണുകളെ സംശയാസ്പദമായി രീതിയിൽ കണ്ടെത്തിയിരുന്നു.

ജമ്മുവിലെ മിരാൻ സാഹിബ്, കാലൂചക്ക്, കുഞ്ച്‌വാനി മേഖലകളിൽ ഇന്നലെ പുലർച്ചയാണ് ഡ്രോണുകളെ കണ്ടെത്തിയത്. ഞായറാഴ്ച സ്ഫോടനമുണ്ടായതിന് പിന്നാലെ കാലൂചക്ക്-രത്നുചക്ക് സൈനിക താവളത്തിന് സമീപം ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഡ്രോണുകൾ ആക്രമണത്തിന് ഉപയോഗിക്കുന്ന പശ്ചാത്തലത്തിൽ എയർപോർട്ട് അതോറിട്ടി ഇന്നലെ ഉന്നതതല യോഗം ചേർന്ന് വിമാനത്താവളങ്ങളുടെ സുരക്ഷയും മറ്റും വിലയിരുത്തി.

സ്ഫോടനത്തിന് പിന്നിൽ ചൈനീസ് നിർമ്മിത ഡ്രോണുകൾ?

ഞായറാഴ്ച വ്യോമത്താവളത്തിലെ ടെക്‌നിക്കൽ മേഖലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം പൂർണമായി ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. രാത്രികാഴ്ചാ സംവിധാനങ്ങൾ അടക്കം ഘടിപ്പിച്ച ചൈനീസ് നിർമ്മിത ഡ്രോണുകൾ സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കാമെന്നാണ് നിഗമനം.

ഡ്രോണുകൾ പിടിച്ചു


ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽ ബീഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽ കാവൽ നിൽക്കുന്ന സശസ്ത്ര സീമാ ബൽ(എസ്.എസ്.ബി) സൈനികർ ഇന്നലെ ഒരു കാറിൽ കടത്തുകയായിരുന്ന എട്ട് ചൈനീസ് നിർമ്മിത ഡ്രോണുകൾ പിടിച്ചെടുത്തു.കാറിലുണ്ടായിരുന്ന ബീഹാർ സ്വദേശികളായ മൂന്നുപേരെ ചോദ്യം ചെയ്തു വരികയാണ്.