doctor

ന്യൂഡൽഹി: കൊവിഡിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്വന്തം ജീവൻ ത്യാഗം ചെയ്ത ഡോക്‌ടർമാർക്ക് ഇന്ന് ഡോക്ടേഴ്സ് ദിനത്തിൽ രാജ്യം ആദരാഞ്ജലി അർപ്പിക്കുന്നു. രോഗങ്ങളിൽ നിന്ന് സമൂഹത്തെ രക്ഷിക്കുന്ന ഡോക്‌ടർമാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യ പ്രവർത്തകർ കൊവിഡിന് മുന്നിൽ പതറുന്ന കാഴ്ചകളാണ് ഒന്നും രണ്ടും തരംഗത്തിൽ കണ്ടത്. സഹപ്രവർത്തകരുടെ വിയോഗത്തിൽ തളരാതെ രക്ഷാദൗത്യം തുടരുകയാണ് ഡോക്ടർമാർ.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ പ്രകാരം രണ്ടാം വ്യാപനത്തിൽ ഇതുവരെ 798 ഡോക്‌ടർമാർ ജീവൻ ബലി നൽകി. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ഡോക്‌ടർമാർ മരിച്ചത്-128. 115 ഡോക്‌ടർമാർ മരിച്ച ബീഹാർ രണ്ടാം സ്ഥാനത്ത്. കൊവിഡ് മരണം പൊതുവെ കുറവായ കേരളത്തിൽ 24 ഡോക്‌ടർമാർക്ക് ജീവഹാനി സംഭവിച്ചു. ഒന്നാം തരംഗം വീശിയ 2020 മാർച്ച് മുതൽ ഡിസംബർ വരെ 734 പേർ മരിച്ചതായി ഐ.എം.എ അറിയിച്ചിരുന്നു.

ആശയക്കുഴപ്പം നിലനിന്ന ആദ്യ നാളുകളിൽ നിന്ന് വ്യത്യസ്തമായി ചികിത്സയ്ക്കും പ്രതിരോധത്തിനും കൃത്യമായ കൊവിഡ് പ്രോട്ടോക്കോൾ ആവിഷകരിക്കപ്പെട്ടത് ആശ്വാസമായെങ്കിലും വൈറസിന്റെ ജനിതകമാറ്റം ഡോക്‌ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് പുതിയ വെല്ലുവിളി സൃഷ്‌ടിക്കുകയാണ്.

കൊവിഡ് ഡ്യൂട്ടി മൂലം ദിവസങ്ങളോളം കുടുംബത്തെ വിട്ട് കഴിയുന്നവരാണ് ഡോക്ടർമാർ. രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അവർക്ക് അപകടമുണ്ടാകുമ്പോൾ നിലയറ്റ് വീഴുന്നത് കുടുംബങ്ങളാണ്. കൊവിഡ് മൂലം മരിക്കുന്ന ആരോഗ്യപ്രവർത്തകർക്കായി കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയുടെ കാലാവധി കഴിഞ്ഞ ഏപ്രിലിൽ കേന്ദ്രസർക്കാർ ദീർഘിപ്പിച്ചത് ഇവർക്ക് ആശ്വാസമാണ്.

മഹാമാരിക്കാലത്ത് ജനങ്ങളുടെ രക്ഷയ്ക്കായി ആത്മസമർപ്പണം നടത്തിയ ഡോക്‌ടർമാരുടെ സേവനം വിലമതിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസത്തെ മൻകീ ബാത്ത് പ്രഭാഷണത്തിൽ പറഞ്ഞിരുന്നു. ഡോക്‌ടർമാർക്ക് അർഹമായ ബഹുമാനവും സംരക്ഷണവും നൽകാൻ സമൂഹം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുൻ പശ്ചിമബംഗാൾ മുഖ്യമന്ത്രിയും ഡോക്ടറും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ഡോ. ബി.സി. റോയിയുടെ ജൻമദിനമായ ജൂലായ് ഒന്നാം തിയതിയാണ് ഇന്ത്യയിൽ ഡോക്‌ടേഴ്സ് ദിനമായി ആചരിക്കുന്നത്.