memory

കൊച്ചി: കൊവിഡ് ബാധിതരിൽ കണ്ടുവരുന്ന മറവിയെ നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവിദഗ്ദ്ധർ. കൊവിഡ് പോസിറ്റീവ് ആയിരിക്കുന്ന സമയത്തുതന്നെ രോഗികളിൽ മറവി കണ്ടു തുടങ്ങാറുണ്ട്. ചിലരിൽ മൂന്ന് മാസം കൊണ്ട് ഭേദമാകാറുണ്ട്. എന്നാൽ അതിന് ശേഷവും മറവി പിന്തുടരുന്നുണ്ടെങ്കിൽ കൃത്യമായി ചികിത്സ തേടണമെന്ന് ഡോക്ടർമാർ പറയുന്നു.

ബ്രെയിൻഫോഗ്

കൊവിഡ് ബാധിതരായിട്ടുള്ള മൂന്നിൽ ഒരാൾക്ക് മറവി ഉണ്ടാകാറുണ്ട്. ഇത് സംബന്ധിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്. കൊവിഡ് ബാധിതനായ ഒരാളിൽ ഓക്‌സിജന്റെ അളവ് 90ന് താഴെയാകുന്നതോ തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയും ഇത് ബ്ലോക്ക് സൃഷ്ടിക്കുകയും ചെയ്യുന്നതിനാലോ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുന്നതുമൂലമോ മറവി ഉണ്ടാകാം. ഇതിനെ ബ്രെയിൻ ഫോഗ് എന്ന് പറയും. യുവാക്കളിൽ ഈ അവസ്ഥ ഉണ്ടാകാറുണ്ടെങ്കിലും പ്രായമായവർ, പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ വൃക്ക, കരൾ, അസ്മ രോഗികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. മുമ്പ് മറവിയുള്ളവരിൽ 50 ശതമാനം വരെ കൂടാനും ഇത് കാരണമാകും. ഇവർ രോഗം മനസിലാക്കി ചികിത്സ തേടിയിരിക്കണം. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ ഇത് വാസ്‌കുലർ ഡെമിൻഷ്യ എന്ന അവസ്ഥ ഉണ്ടാക്കും. ഇതിന് അൾഷിമേഷ്യസ് ആയി ബന്ധമില്ല.

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിഷാദരോഗികൾക്ക് ഇത്തരം മറവി ഉണ്ടായാൽ അവർ കൂടുതൽ ശ്രദ്ധിക്കണം. ഇത്തരക്കാരിൽ ഇതുകാരണം അനാവശ്യ ചിന്തകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവർ ചികിത്സിക്കുന്ന ഡോക്ടറെയോ മറ്റ് ഡോക്ടർമാരെയോ സുഹൃത്തുക്കളയോ വിളിച്ച് സംസാരിക്കുകയും ചികിത്സ തേടുകയും ചെയ്യണം. മറവി രോഗം പിടിപെട്ടവർക്ക് ചികിത്സ നൽകാനും വേണ്ട പിന്തുണ നൽകാനും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശ്രദ്ധിക്കണം.

ഉറക്കമില്ലായ്മ, ക്വാറന്റൈൻ കാലത്തെ സാങ്കേതിക വിദ്യയുടെ അമിത ഉപയോഗം, വൈറ്റമിൻ ഡി 3യുടെ കുറവ്, ഹൈപ്പോ തൈറോഡ് ഉള്ളവർ എന്നിവർക്കാണ് ബ്രെയിൻ ഫോഗ് ഉണ്ടാകുക. ഇവരിൽ ഓർമ്മകൾക്ക് മങ്ങലേൽക്കുകയും ഓർമ്മയുടെ തുടർച്ച നഷ്ടപ്പെടുകയും ചെയ്യും.

ലക്ഷണങ്ങൾ

അടുത്തിടെ നടന്ന സംഭവങ്ങൾ മറക്കുക

സാധനങ്ങൾ വച്ച സ്ഥലം മറക്കുക

സ്ഥിരമായി യാത്ര പോകുന്ന സ്ഥലങ്ങൾ മറക്കുക

ശ്രദ്ധിക്കാൻ

മറവി ഉണ്ടായിട്ടുള്ളവർ പച്ചക്കറികൾ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. നിർജലീകരണം ഉണ്ടാകാതെ നോക്കണം. ദിവസവും വായിക്കുകയും അവ ഇടയ്ക്കിടെ ഓർത്തെടുക്കാൻ ശ്രമിക്കുകയും വേണം. വീട്ടിൽ ചെയ്യാൻ സാധിക്കുന്ന ചെറിയ വ്യായാമങ്ങളും ചെയ്യണം.

ചികിത്സയ്ക്ക് മടിയ്ക്കരുത്

കൊവിഡ് ബാധിതരിൽ മറവി ഉണ്ടായാൽ ചികിത്സ തേടിയിരിക്കണം. മറവിയുടെ തോത് അളക്കാനുള്ള ടെസ്റ്റുകൾ നടത്തിയ ശേഷം രോഗത്തിന്റെ കാഠിന്യം അനുസരിച്ച് ചികിത്സയിലൂടെ ഇത് മാറ്റിയെടുക്കാൻ സാധിക്കും.

ഡോ.ബിജു ഭദ്രൻ

ന്യൂറോളജി വിഭാഗം തലവൻ,

മെഡിക്കൽകോളേജ്,​ ആലപ്പുഴ