നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിലെ പുറയാർ ചാന്തേലിപ്പാടശേഖരത്തിലെ ചെങ്ങൽതോടുമായി ബന്ധിപ്പിക്കുന്ന 'ചാന്തേലിത്തോട് ' മാലിന്യംനിറഞ്ഞ് നീരൊഴുക്ക് നിലച്ചു. ചാന്തേലിപ്പാടം കാർഷികഗ്രൂപ്പ് ഇവിടെ 18 ഏക്കർ സ്ഥലത്ത് നെൽക്കൃഷി ആരംഭിച്ചിട്ടുണ്ട്. എന്നാൽ തോട് കാടുകയറി അടഞ്ഞതിനാൽ കൃഷിയിടത്തിൽ നിന്ന് മഴവെള്ളം ചെങ്ങൽ തോട്ടിലേക്ക് ഒഴുകിപ്പോകാതെ കെട്ടിനിൽക്കുകയാണ്.
ഇറിഗേഷൻ കനാലിന്റെ അടിയിലൂടെ തോട് കടന്നുപോകുന്ന ഭാഗത്ത് നടത്തിയ അനധികൃത പാലം നിർമ്മാണം നാട്ടുകാർ ഇടപെട്ട് തടഞ്ഞിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ നീക്കംചെയ്യാത്തതും തോട് വർഷങ്ങളായി വൃത്തിയാക്കാത്തതുമാണ് വെള്ളമൊഴുക്ക് തടസപ്പെടാൻ കാരണമെന്ന് കർഷകർ ആരോപിക്കുന്നു. നിരന്തരം ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ല.
നടപടി വേണം
തോട് വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്ത് അധികൃതരും ഇറിഗേഷൻ ഉദ്യോസ്ഥരും നടപടിയെടുക്കണമെന്ന് കേരള കർഷകസംഘം നെടുമ്പാശേരി ഏരിയ പ്രസിഡന്റ് പി.ജെ. അനിൽ, മേഖലാ സെക്രട്ടറി കെ.വി. ഷാലി എന്നിവർ ആവശ്യപ്പെട്ടു.