കൊച്ചി: ലോക്ക്‌ഡൗൺ ഇളവുകൾ വന്നതോടെ ബോട്ട് സർവീസ് ഇന്നലെ പുനരാരംഭിച്ചു. എന്നാൽ യാത്രാസമയം രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെയായി വെട്ടിച്ചുരുക്കി. യാത്രക്കാർ കുറവായതിനാൽ രണ്ട് ബോട്ടുകൾ മാത്രമാണ് സർവീസിനുള്ളത്. എറണാകുളം -ഐലന്റ് - ഫോർട്ടുകൊച്ചി - വൈപ്പിൻ - ഫോർട്ടുകൊച്ചി - ഐലൻഡ് - എറണാകുളം എന്നിങ്ങനെ സർക്കുലർ സർവീസാണ് ക്രമീകരിച്ചിരിക്കുന്നത്.

കൊച്ചിൻപോർട്ടിലെ ജോലിക്കാരുടെ സൗകര്യം പരിഗണിച്ച് രാവിലെ അരമണിക്കൂർ ഇടവിട്ടും അതിനുശേഷം ഒരു മണിക്കൂർ ഇടവിട്ടുമാണ് ബോട്ട് സർവീസ്. ഒരു സർക്കുലർ സർവീസ് പൂർത്തിയാകുന്നതിന് അരമണിക്കൂറെടുക്കും. പശ്ചിമകൊച്ചി, വൈപ്പിൻ മേഖലകളിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ ഏഴിനാണ് ബോട്ട്സർവീസ് നിറുത്തിവെച്ചത്. കൊവിഡിന്റെ ആദ്യതരംഗത്തിലും ഒന്നരമാസം സർവീസ് ഉണ്ടായില്ല.

കൊവിഡിനെ ഭയന്ന് യാത്രക്കാർ കൈയൊഴിഞ്ഞതോടെ എറണാകുളം - വൈക്കം ജലപാതയിലെ വേഗ എ.സി. ബോട്ട് ഏപ്രിലിൽ സർവീസ് അവസാനിപ്പിച്ചിരുന്നു. ഇത് ഉടൻ തുടങ്ങാൻ സാദ്ധ്യത കുറവാണ്. വൈപ്പിൻ- ഫോർട്ടുകൊച്ചി റോ റോ സർവീസും പുനരാരംഭിച്ചിട്ടില്ല.

 ജലഗതാഗതം നഷ്‌ടത്തിൽ

കൊവിഡിന് മുമ്പ് സാധാരണദിവസങ്ങളിൽ എറണാകുളം മേഖലയിൽ ഒരു ദിവസം 70,000 രൂപയായിരുന്നു ശരാശരി കളക്ഷൻ. അവധിദിവസങ്ങളിലും ബിനാലെ, ക്രിസ്മസ്, കാർണിവൽ തുടങ്ങിയ വിശേഷാവസരങ്ങളിലും വരുമാനം ഒരു ലക്ഷം കവിഞ്ഞിരുന്നു. വേഗ ബോട്ടിന് മുപ്പതിനായിരം രൂപയായിരുന്നു നിത്യവും ലഭിച്ചിരുന്നത്. ടൂറിസ്റ്റുകളായിരുന്നു യാത്രക്കാരിൽ അധികവും. കൊവിഡിന്റെ വരവോടെ എല്ലാം തകിടംമറിഞ്ഞു. ഒന്നാം കൊവിഡ് സമ്മാനിച്ച പ്രതിസന്ധിക്കുശേഷം ഇരുപതിനായിരം രൂപ തികച്ച് കളക്ഷൻ ലഭിച്ച ദിവസങ്ങൾ കുറവാണെന്ന് ജലഗതാഗതവകുപ്പ് അധികൃതർ പറഞ്ഞു.

 ജലജീവിയായ മുരിങ്ങ ബോട്ടിന് പാര

എൻജിൻ തകരാർ ഒഴിവാക്കുന്നതിനായി ലോക്ക് ഡൗൺ സമയത്തും ഒന്നിടവിട്ട ദിവസങ്ങളിൽ അരമണിക്കൂറോളം ബോട്ടുകൾ ഓടിച്ചിരുന്നു. ഇല്ലെങ്കിൽ ബാറ്ററി ഡൗണാകും. ജലജീവിയായ മുരിങ്ങ ബോട്ടിന്റെ ഉപരിതലത്തിൽ കേറിപ്പിടിക്കുമെന്നതാണ് മറ്റൊരു പ്രശ്നം. ഇതോടെ ബോട്ടിന്റെ വേഗത കുറയും.

 കരാർ ജീവനക്കാർ തൊഴിൽരഹിതരായി

കൊവിഡിൽ സർവീസിന്റെ താളം തെറ്റിയതോടെ ജലഗതാഗതവകുപ്പിന്റെ ബോട്ടുകളിൽ പണിയെടുത്തിരുന്ന കരാർ ജീവനക്കാർ തൊഴിൽരഹിതരായി. അറുപതോളം പേരിൽ പകുതിപ്പേർക്കും ഉപജീവനം നഷ്‌ടമായി.