amballoor
പദ്ധതിപ്രദേശം

മുളന്തുരുത്തി: കേരളത്തെ ഇലക്ട്രോണിക് ഹാർഡ് വെയർമാനുഫാക്ചറിംഗ് ഹബ്ബായി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിക്കപ്പെട്ട ആമ്പല്ലൂർ ഇലക്ട്രോണിക്‌സ് ഹാർഡ് വെയർ പാർക്ക് പ്രഖ്യാപനം കഴിഞ്ഞ് ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും യാഥാർത്ഥ്യമായില്ല. ഇക്കുറി ജില്ലയിൽ നിന്നുള്ള പ്രതിനിധി വ്യവസായമന്ത്രിയായി ചുമതലയേറ്റപ്പോൾ പദ്ധതി യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.


# പദ്ധതി ഇങ്ങനെ

രാജ്യത്തിന് ആവശ്യമുള്ള ഇലക്ട്രോണിക്‌സ് ഹാർഡ് വെയർ സാധനങ്ങളിൽ പകുതപോലും രാജ്യത്ത് ഉല്പാദിപ്പിക്കുന്നില്ല. ഇതിനായി മറ്റു രാജ്യങ്ങളെയാണ് നമ്മൾ ആശ്രയിക്കുന്നത്. ഇതിനു പരിഹാരമായാണ് 2005ൽ ആമ്പല്ലൂരിൽ ഇലക്ട്രോണിക്‌സ് പാർക്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. 600 കോടി മുതൽ മുടക്കുള്ള പദ്ധതി പൂർത്തിയാകുമ്പോൾ പതിനായിരത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് കണക്കാക്കിയിരുന്നത്.

2010ൽ വി.എസ് അച്യുതാനന്ദൻ സർക്കാരാണ് സ്ഥലം ഏറ്റെടുക്കുവാൻ നടപടി തുടങ്ങിയത്. കെ.എസ്.ഐ. ഡി.സിയും റവന്യൂവകുപ്പിനുമായിരുന്നു ചുമതല.

ആമ്പല്ലൂർചിറയ്ക്കൽ, മാന്തുരുത്ത്, ഉദയംപേരൂരിലെ പുത്തൻകാവ് എന്നിവിടങ്ങളിൽനിന്ന് തുടക്കത്തിൽ 540 കർഷകരിൽ നിന്നായി 334 ഏക്കർഭൂമി ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഒടുവിൽ 100 ഏക്കറായി ചുരുക്കി. ഇതുവരെ 54.47 കോടിരൂപ സ്ഥലമെടുപ്പിനായി ചെലവാക്കി 14പേരിൽനിന്ന് 13.50 ഏക്കർ സ്ഥലമേറ്റെടുത്തു. 13 ഏക്കറിന് ഭാഗികമായി പണം നൽകിയിട്ടുമുണ്ട്.

# തുടക്കംമുതൽ തന്നെ വിവാദങ്ങളും

പദ്ധതിയുടെ സ്ഥലമെടുപ്പ് തുടങ്ങിയപ്പോഴേ വിവാദങ്ങളും തലപൊക്കിയിരുന്നു. പല ഘട്ടങ്ങളിലും പരിസ്ഥിതി പ്രശ്‌നങ്ങൾ ഉന്നയിക്കപ്പെട്ടു. ഇതിന്റെ പേരിൽ മൂന്നുതവണ റീസർവേ നടത്തി. പദ്ധതി അനിശ്ചിതമായി നീണ്ടുപോയപ്പോൾ തരിശുകിടക്കുന്ന ചതുപ്പ് ഉൾപ്പെടെയുള്ള ഭൂമി മരങ്ങൾവളർന്ന് കൊടുംകാടായി. വെള്ളക്കെട്ടും വിഷജന്തുക്കളുടെ ശല്യവുംമൂലം ഇതിനിടയിൽ താമസിക്കുന്ന കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണമാണ്. ഇവർക്ക് ഈ ഭൂമി വിൽക്കുവാനും കഴിയുന്നില്ല.

# പരിസ്ഥിതി പ്രശ്‌നങ്ങൾ ഉയർത്തി പദ്ധതിയെ എതിർക്കുന്നതിനുപിന്നിൽ ഭൂമിക്കച്ചവടക്കാരാണ്. സർക്കാർ പിന്മാറിയാൽ അവർ ഈ ഭൂമി കൈക്കലാക്കും. തോടുകൾ എല്ലാംതന്നെ നിലനിർത്തി പദ്ധതി നടപ്പിലാക്കാവുന്നതാണ്. ഇപ്പോഴുള്ള ജലാശയങ്ങൾ മാലിന്യം നിറഞ്ഞുകിടക്കുകയാണ്. പദ്ധതി വരുന്നതോടെ ഇതെല്ലാം ശുചീകരിക്കപ്പെടും. നിരവധി കുടുംബങ്ങൾ ഈ ചതുപ്പിന്റെ നടുവിൽ കാട്ടിൽ കഴിയുകയാണ്. ഇവർക്ക് ഒരു നല്ല വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ പദ്ധതിവരണം. ഇവർക്കായി പുനരധിവാസപദ്ധതിയും വേണം.

എം.പി. നാരായണദാസ്,

ചെയർമാൻ, ആമ്പല്ലൂർ

കർഷകസംരക്ഷണസമിതി