അങ്കമാലി : അങ്കമാലി -മഞ്ഞപ്രറോഡിൽ ഗാന്ധിക്കവലയ്ക്ക് സമീപം പൊതുകാന മൂടിയതായി പരാതി. കാന വലിയ പാറകൾവച്ച് അടച്ചനിലയിലാണ്. മഴ കനത്തതോടെ വെള്ളമൊഴുകുന്നത് തടസപ്പെട്ട് റോഡിലും സമീപത്തെ വീടുകളിലും വെള്ളക്കെട്ടും രൂക്ഷമായി. തുറവൂർ പഞ്ചായത്ത് പത്താം വാർഡിൽ ഉൾപ്പെടുന്ന ഈ ഭാഗത്ത് മഴക്കാലപൂർവശൂചികരണത്തിന്റെ ഭാഗമായി കാന വൃത്തിയാക്കാൻ എത്തിയപ്പോഴാണ് കരിങ്കല്ലും കോൺക്രീറ്റ് അവശിഷ്ടങ്ങളും ചേർത്ത് കാന മൂടിയതായി കണ്ടത്. പാടം നികത്താൻ മണ്ണ് മാഫിയാ സംഘങ്ങൾക്ക് വലിയ വണ്ടികളിൽ മണ്ണുകൊണ്ടുപോകാനാണ് കാന അടച്ചതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കാന തുറക്കണമെന്ന് വാർഡ് മെമ്പർ എം.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിൽ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല .തുടർന്ന് പൊതുമരാമത്ത് അധികൃതർക്ക് പരാതിനൽകി. അനധികൃതമായി കാന നികത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ശ്രീകാന്ത് അധികൃതരോട് ആവശ്യപ്പെട്ടു.