mutton-chopps

മൃഗ സ്നേഹികൾ കാണാതെ പോകുന്ന കാഴ്ചകൾ

കൊച്ചി: പെറ്റുവീണത് കാളക്കുട്ടിയാണെങ്കിൽ കഥ കഴിഞ്ഞതുതന്നെ. അറവുകാർ കൊണ്ടുപോകുന്ന കിടാക്കൾ ആടിനൊപ്പം ചട്ടിയിൽ തിളച്ച് മട്ടൻ ചാപ്സാകും! അതിനും കൊള്ളില്ലെങ്കിൽ ചാണകത്തിനൊപ്പം ജൈവ വളമാകും.

നഷ്ടത്തിലോടുന്ന ക്ഷീരമേഖലയ്ക്ക് കാളകുട്ടികളെ പോറ്റാൻ നിവൃത്തിയില്ലത്രെ. ജനനം മുതൽ മൂന്നുമാസമെങ്കിലും പാൽ കുടിച്ചാലേ സ്വന്തമായി പുല്ലുതിന്നാനും വെള്ളം കുടിക്കാനും കിടാക്കൾ പ്രാപ്തരാകൂ. ദിവസം ശരാശരി 2 ലിറ്റർ പാൽ വീതം ചെലവ്. മിൽമയുടെ സംഭരണവില കണക്കാക്കിയാലും മൂന്നുമാസം കൊണ്ട് 6500-7000 രൂപയുടെ നഷ്ടം.

പശുവിനെ വളർത്തുന്നത് പുണ്യത്തിനല്ലല്ലോയെന്ന് കർഷകന്റെ ചോദ്യം. വളർത്തി വലുതാക്കിയാൽ വലിക്കാൻ വണ്ടിയില്ല, പാടത്ത് പണിയില്ല. വിത്തുകാളകളുടെ പണിയും പോയി, അവിടെയും നാടന് റോളില്ല. അതുകൊണ്ട് മുളയിലെ നുള്ളുകയാണ് കർഷകർ. രണ്ടാഴ്ചയ്‌ക്കിടെയെങ്കിൽ അറവുകാർ കുട്ടിയ്ക്ക് 2000 മുതൽ 3000 രൂപ വരെ വിലനൽകും. അത്രയും ലാഭമെന്നാണ് കർഷകർ കരുതുന്നത്.

ഒരുകാളക്കുട്ടി = 4 ആട്

50 കിലോ തൂക്കം വരുന്ന കാളക്കുട്ടിയെ കൊന്ന് ഇറച്ചിയാക്കി ആട്ടിൻ പാലിൽ വേവിച്ച് ആട്ടിറച്ചിയാക്കും. ഒരു കാളക്കുട്ടിയുടെ ഇറച്ചി നാലോ അഞ്ചോ ആടിന്റെ ഇറച്ചിക്കൊപ്പം ചേർത്താൽ ലാഭം ആയിരങ്ങൾ. തട്ടിപ്പ് പകൽപോലെ വ്യക്തമാണെങ്കിലും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉൾപ്പെടെ ആരും ഇതുവരെ 'കണ്ടിട്ടില്ല' എന്നുമാത്രം.


വേറെ മാർഗമില്ല

പോത്തിൻ കിടാക്കളെ വളർത്തി ഇറച്ചിക്കുവേണ്ടി ഉപയോഗിക്കുന്ന പദ്ധതിക്ക് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സഹായം നൽകുന്നുണ്ട്. അതോടൊപ്പം കാളകുട്ടികളെയും വാങ്ങി വളർത്തിയാൽ ഒന്നര വർഷം കഴിയുമ്പോൾ 150- 200 കിലോ തൂക്കമുള്ള കാളകളെ ഇറച്ചിക്കുവേണ്ടി വിൽക്കാം. അതല്ലാതെ കാളക്കുട്ടികളെ പരിപാലിക്കാൻ സംസ്ഥാനത്ത് പ്രത്യേക പദ്ധതിയില്ല. ക്ഷീരകർഷകരെ സംബന്ധിച്ച് ഇതിനെ പോറ്റുന്നത് തീരെ ലാഭകരവുമല്ല.

ഡോ. ബിജു ചെമ്പരത്തി, പി.ആർ.ഒ, മൃഗസംരക്ഷണവകുപ്പ്, ഇടുക്കി