കൊച്ചി: നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നിൽ വൻസംഘം. വിവിധ ജില്ലകളിൽ നിന്നുള്ള ഗുണ്ടകളും സ്ത്രീകളുമുൾപ്പെട്ട സംഘത്തെക്കുറിച്ച് പ്രത്യേക പൊലീസ് സംഘം അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം കമ്മട്ടിപ്പാടത്ത് നിന്ന് തട്ടിക്കൊണ്ടുപോയ അനി ജോണിനെ തടവിൽ പാർപ്പിച്ച ഇടപ്പള്ളിയിലെ ലോഡ്ജിൽ പൊലീസ് എത്തിയപ്പോൾ മറ്റൊരു മുറിയിൽ ആലപ്പുഴ സ്വദേശിയായ വ്യാപാരിയും തടവിലുണ്ടായിരുന്നു. ഇയാളെ പൊലീസ് മോചിപ്പിച്ചു. പൊലീസിനെ കണ്ട് ചിലർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. വ്യാപാരിയിൽ നിന്ന് സംഘത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. തുടർന്ന് കൊച്ചി,ഇടച്ചിറ, കാക്കനാട്, അത്താണി,ചെമ്പുമുക്ക് എന്നിവിടങ്ങളിലെ ഫ്ളാറ്റുകളിൽ നടത്തിയ റെയ്ഡിൽ എയർ ഗൺ, ഇടിക്കട്ട, കത്തി എന്നിവ കണ്ടെത്തി. ഒരു വാഹനവും പിടിച്ചെടുത്തു. മറ്റ് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഒരു സ്ത്രീയടക്കം നാല് പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് അനൗദ്യോഗിക വിവരം. കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടായേക്കും.
മോഡലിംഗിന്റെ പേരിൽ തട്ടിപ്പ്
കൊച്ചിയിൽ മോഡലിംഗ്, ഫോട്ടോഗ്രാഫി മേഖലകളുടെ മറവിലാണ് സംഘം കഴിഞ്ഞിരുന്നത്. ഇതിന്റെ മറവിലായിരുന്ന ഇടപാടുകളെല്ലാം. നിരവധി പേരെ യുവതികളെക്കൊണ്ട് വശീകരിച്ച് കെണിയിലാക്കി പണംതട്ടിയതായും സൂചനയുണ്ട്.
ഞായറാഴ്ച പുലർച്ചെയാണ് അനി ജോണിനെ കടവന്ത്രയിലെ ഫ്ലാറ്റിൽ നിന്ന് ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി തടവിലാക്കിയത്. ഇയാളുടെ സുഹൃത്ത് ഷിഹാബിനെ കിട്ടാനായിരുന്നു ഈ നീക്കം. ഷിഹാബ് നൽകിയ പരാതിയാണ് സംഘത്തിലേക്ക് പൊലീസിനെ എത്തിച്ചത്.
അനി ജോണിനും ഷിഹാബിനും ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട്. അടുത്തിടെ ഇവരുടെ ബന്ധത്തിൽ വിള്ളൽ വീണു. ഇതാണ് തട്ടിക്കൊണ്ടു പോകലിന് വഴിവച്ചതെന്നാണ് പൊലീസ് ലഭിച്ച വിവരം. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ വാഹനാപകടത്തിൽ മരിച്ച കാപ്പ കേസ് പ്രതികളുമായി ഇവർക്ക് ബന്ധമുണ്ടെന്നും അറിയുന്നു.
പൊലീസ് അന്വേഷിക്കുന്നത്
1. പ്രതികളുടെ വാട്സ്ആപ്പ് കോളുകൾ
2. ഫോണിലെ ചിത്രങ്ങൾ
3. സംഘത്തിലെ ഉൾപ്പെട്ടവരുടെ വിവരം
4. ഹണിട്രാപ് സംഘത്തിന്റെ രീതി
5. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
രണ്ട് പേർകൂടി അറസ്റ്റിൽ
കൊച്ചി കിഡ്നാപ്പിംഗ് കേസിൽ പത്തനംതിട്ട മൈലപ്പാറ സ്വദേശി പ്രജീഷ് കുമാർ (27) ആലപ്പുഴ മാവേലിക്കര സ്വദേശി അജയ് രാജ് (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സഞ്ജയ്, അജ്മൽ എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലാരുന്നു. കേസിൽ എട്ട് പ്രതികളാണുള്ളത്. ആലപ്പുഴ സ്വദേശിയായ മുഖ്യപ്രതി ഫൈസൽ ഒളിവിലാണ്.