കോലഞ്ചേരി: ഓൺലൈൻ സ്കൂൾ വർഷം ആരംഭിച്ചതോടെ കടയിരുപ്പിലെ വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസം ത്രിശങ്കുവിലായതായി പരാതി. ഐക്കരനാട് പഞ്ചായത്ത്തല ഡി.സി.സിയാണ് കടയിരുപ്പ് എൽ.പി സ്കൂളിൽ തുടരുന്നത്. സമീപത്ത് കോലഞ്ചേരി കിടാച്ചിറയിൽ വടവുകോട് ബ്ളോക്ക് പഞ്ചായത്തും എം.എൽ.എയുടെ കൊവിഡ് ഹെൽപ്പ്ഡെസ്ക്കും സംയുക്തമായി നൂറ് കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഡി.സി.സി പ്രവർത്തിക്കുമ്പോഴാണ് വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാക്കി സർക്കാർ സ്കൂളിൽ ഡി.സി.സി തുടരുന്നത്. അദ്ധ്യയനവർഷാരംഭത്തിന് മുമ്പ് ചെയ്യേണ്ട പാഠപുസ്തക വിതരണവും ഇപ്പോൾ കുട്ടികൾക്ക് നൽകുന്ന ഭക്ഷണക്കിറ്റ് വിതരണമടക്കം അവതാളത്തിലായതായും പരാതിയുണ്ട്.
സ്കൂളിലെ ഡി.സി.സി തുടങ്ങിയ ഹാളിനോട് ചേർന്ന് അറ്റാച്ച്ഡ് ടോയ്ലെറ്റുകൾ ഇല്ലാത്തതും ഇവിടെയെത്തുന്ന രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഹാളിൽ നിന്നും മുറ്രം വഴി നടന്നുവേണം ടോയിലറ്റിലെത്താൻ. സ്കൂളിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നുള്ളതും പ്രശ്‌നമാണ്. കഴിഞ്ഞ വെള്ളിയാഴ്ച അവിടെ കഴിയുന്ന കൊവിഡ് ബാധിതൻ സ്‌കൂളിന് സമീപത്തെ കടയിൽ ചെല്ലുന്ന സ്ഥിതിവരെയുണ്ടായി. ഇതറിഞ്ഞതോടെ സമീപവാസികളും ഭീതിയിലാണ്. കൊവിഡ് വഴി സംജാതമായ പരിമിതികൾ മറികടക്കാൻ പുതിയ അദ്ധ്യയന വർഷത്തിൽ വിക്ടേഴ്‌സ് ചാനൽ പോലുള്ള പഠന സഹായ ചാനലുകൾ മാത്രം ആശ്രയിക്കാതെ സാങ്കേതികവിദ്യാ സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി സ്‌കൂളിൽ നിന്നു തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കുന്ന ഘട്ടത്തിലാണ് സ്‌കൂളിൽ ഇതിനുള്ള സാഹചര്യം ഇല്ലാതാക്കിയിരിക്കുന്നതെന്നാണ് സി.പി.എം ആരോപണം. അതേ സമയം സർക്കാർ നിർദ്ദേശമനുസരിച്ചാണ് സ്കൂളിൽ ഡി.സി.സി തുടങ്ങിയതെന്ന് പ്രസിഡന്റ് ഡീന ദീപക്ക് പറഞ്ഞു.
സ്കൂളിൽ നിന്നും ഡി.സി.സി മാറ്റണം
പഞ്ചായത്തിന്റെ കടയിരുപ്പ് ജംഗ്ഷനിലുള്ള കമ്മ്യൂണിറ്റി ഹാളിലാണ് സ്കൂൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സ്കൂളിൽ നിന്നും ഡി.സി.സി നീക്കി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണമെന്ന് സി.പി.എം ഐക്കരനാട് ലോക്കൽകമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ പഞ്ചായത്തിൽ മരണനിരക്കും രോഗികളുടെ എണ്ണവും വർദ്ധിച്ചതോടെയാണ് താത്കാലിക സൗകര്യങ്ങളൊരുക്കി സ്കൂളിൽ ഡി.സി.സി തുടങ്ങിയത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സി.എഫ്.എൽ.ടി.സിയായി പ്രവർത്തിച്ച കിടാച്ചിറ ഹിൽടോപ്പിലോ കടയിരുപ്പ്,കടമറ്റം കമ്മ്യൂണിറ്റി ഹാളിലോ, എഴിപ്രത്തെ പകൽ വീട്ടിലോ ഡി.സി.സി ആരംഭിക്കണമെന്ന നിർദ്ദേശം മറികടന്നാണ് സ്കൂളിൽ തുടങ്ങിയതെന്നും സി.പി.എം കുറ്റപെടുത്തുന്നു.
ഓൺലൈൻ അദ്ധ്യായനം മുടങ്ങില്ല
മുൻ വർഷവും ഇതേ സ്കൂളിൽ കൊവിഡ് പരിശോധന കേന്ദ്രം പ്രവർത്തിച്ചിരുന്നതാണ്. ഓൺലൈൻ അദ്ധ്യായനം മുടങ്ങാതിരിക്കാനുള്ള നടപടികൾ പഞ്ചയത്ത് എടുത്തിട്ടുണ്ട്. കഴിഞ്ഞ അദ്ധ്യായന വർഷവും എൽ.പി. സ്കൂളായതിനാൽ അദ്ധ്യാപകർക്ക് സ്കൂളിലെത്തേണ്ടി വന്നില്ല. ഈ വർഷവും സമാന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ല.
ഡീന ദീപക്ക്, പ്രസിഡന്റ്