covid

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേക്ക് കൊവിഡ് പ്രതിരോധ വാക്സിൻ അടുത്തെങ്ങും ലഭിക്കില്ലെന്ന് സൂചന. നിലവിൽ നാല് സ്വകാര്യ ആശുപത്രികൾ മാത്രമാണ് കേരളത്തിൽ സ്വന്തമായി വാക്‌സിൻ വാങ്ങി കുത്തിവയ്പ് നടത്തുന്നത്.

കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനിലുള്ള 51 ആശുപത്രികൾക്കുവേണ്ടി മൂന്നുലക്ഷം കൊവി ഷീൽഡ് വാക്സിൻ ആവശ്യപ്പെട്ടെങ്കിലും നാലുമാസമെങ്കിലും വേണമെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് മറുപടി നൽകിയത്. ഇത്രയും ഡോസ് ഒരുമിച്ച് നൽകാനാവില്ലെന്നും അറിയിച്ചതായി സംസ്ഥാന ട്രഷറർ ഡോ.ഇ.കെ. രാമചന്ദ്രൻ പറഞ്ഞു. ഓർഡർ നൽകുമ്പോഴേ ഒന്നിന് 600 രൂപ വച്ച് മുഴുവൻ തുകയും മുൻകൂർ നൽകണമെന്നാണ് വ്യവസ്ഥ. മറ്റ് വാക്‌സിനുകൾക്ക് വേണ്ടിയും ഇവർ ശ്രമം നടത്തുന്നുണ്ട്.

അപ്പോളോയിൽ താമസിയാതെ സ്പുട്‌നിക്കും

കേരളത്തിൽ ആദ്യമായി സ്വന്തംനിലയിൽ വാക്‌സിനേഷൻ തുടങ്ങിയ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ സ്പുട്‌നിക്ക് വാക്‌സിനും താമസിയാതെ ലഭ്യമാകും. ഇവിടെ തുടക്കത്തിൽ കൊവാക്‌സിൻ മാത്രമായിരുന്നു നൽകിയത്. പിന്നീട് കൊവിഷീൽഡും എത്തി. എറണാകുളം ആസ്റ്റർ മെഡ്‌സിറ്റി, തിരുവനന്തപുരം കിംസ്, കോഴിക്കോട് ബേബി മെമ്മോറിയൽ എന്നിവയാണ് സ്വകാര്യമേഖലയിലെ മറ്റ് മൂന്ന് ആശുപത്രികൾ.

രജിസ്‌ട്രേഷൻ കൊവിനിൽ

സ്വകാര്യആശുപത്രിയിലെ വാക്‌സിനേഷനും കേന്ദ്രസർക്കാരിന്റെ കൊവിൻ സൈറ്റിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. 18 - 44 പ്രായക്കാർക്ക് ലഭ്യമായിത്തുടങ്ങിയിട്ടല്ല.