p-rajeev
പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂളിൽ പ്രവേശനോത്സവം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: വെർച്വൽ പ്രവേശനോത്സവം ആഘോഷമാക്കി വിദ്യാലയങ്ങൾ. വിദ്യാലയത്തിലെ ചടങ്ങുകൾ വെർച്വൽ പ്ലാറ്റ്ഫോമുകളിലൂടെ വിദ്യാർത്ഥികൾ വീട്ടിലിരുന്നുകണ്ടു. കുട്ടികളുടെ പാട്ട്, നൃത്തം തുടങ്ങിയവയും അരങ്ങേറി. വിദ്യാർത്ഥികൾ വീടുകളിൽ അക്ഷരദീപം തെളിച്ചു. ചില വിദ്യാലയങ്ങളിൽ ഉദ്ഘാടന ചടങ്ങ് വിശിഷ്ടാതിഥികളെ മാത്രം ഉൾപ്പെടുത്തി ലൈവായി നടത്തി. ചിലയിടത്ത് അതിഥികളുടെ പ്രസംഗത്തിന്റെ വീഡിയോ നേരത്തെവാങ്ങി പ്രദർശിപ്പിച്ചു. നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഹരി വിജയൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് സി.പി. ജയൻ, വാർഡ് കൗൺസിലർ ഷൈനി രാധാകൃഷ്ണൻ, പ്രിൻസിപ്പൽ വി. ബിന്ദു, പ്രധാനാദ്ധ്യാപകൻ സി.കെ. ബിജു, എന്നിവർ സംസാരിച്ചു.

പറവൂർ പൂല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവ സന്ദേശം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ആലുവ ഡി.ഇ.ഒ സുരേഷ്, പി.എസ്. ഹരിദാസ്, ഈഴവ സമാജം സെക്രട്ടറി എം.കെ. സജീവൻ, പി.ടി.എ പ്രസിഡന്റ് ജയപ്രകാശ്, വൈസ് പ്രസിഡന്റ് മേരി പാപ്പച്ചൻ, പ്രിൻസിപ്പൽ സി.എസ്. ജാസ്മിൻ, പ്രധാനാദ്ധ്യാപിക ദീപ്തി തുടങ്ങിയവർ സംസാരിച്ചു.

സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ മാനേജർ മോൺ. ഡോ. ആന്റണി പെരുമായൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എ. സാദത്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു പഠനോപകരണവിതരണം നടത്തി. കോർപറേറ്റ് മാനേജർ ഡോ. പോൾ ചിറ്റിനപ്പിള്ളി, ഹെഡ്മിസ്ട്രസ് ലിസമ്മ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. മികച്ച വിദ്യാർത്ഥി കർഷകയ്ക്കുള്ള സംസ്ഥാനതല അവാർഡ് നേടിയ കൃഷ്ണതീർത്ഥയ്ക്ക് ഉപഹാരം നൽകി. ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂളിൽ മാനേജർ സിസ്റ്റർ ഡോ. ജോളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ സ്മിത ജോസ്, പി.ടി.എ പ്രസിഡന്റ് ബൈജു വിവേകാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ഇന്നു മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഉപജില്ലയിൽ 1,275 കുരുന്നുകൾ.

പറവൂർ ഉപജില്ലയിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലായി 1,275 വിദ്യാർത്ഥികളാണ് ഈ വർഷം ഒന്നാം ക്ലാസിൽ ചേർന്നത്. സർക്കാർ വിദ്യാലയങ്ങളിൽ 548 പേരും എയ്ഡഡ് വിദ്യാലയങ്ങളിൽ 727 പേരും.