പള്ളുരുത്തി: കടൽക്ഷോഭം തകർത്തെറിഞ്ഞ ചെല്ലാനത്തിന് കൈത്താങ്ങായി കോതമംഗലത്തു നിന്ന് രണ്ടുസുമനസുകൾ എത്തി. വീട് പൂർണമായും തകർന്നുപോയ ചെല്ലാനം മുല്ലപ്പറമ്പിൽ ജോസഫ്, അറക്കൽ ജോസഫ് എന്നിവർക്ക് വീടുകൾ നിർമ്മിച്ചുനൽകാനാണ് ഇവർ എത്തിയിരിക്കുന്നത്. കോതമംഗലത്തെ പള്ളി വികാരി ഫാ. ജെയിംസ് ചൂരത്തൊട്ടി, സുഹൃത്ത് ഡാമി പോൾ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പുണ്യപ്രവൃത്തി. നിർമ്മാണ സാമഗ്രികൾ ഇവർ ചെല്ലാനത്ത് എത്തിക്കും.
ഹൈബി ഈഡന്റെ സുഹൃത്തുക്കളായ ഇവർ എം.പിയുടെ നിർദേശപ്രകാരമാണ് ചെല്ലാനത്ത് എത്തിയിരിക്കുന്നത്. കടൽവെള്ളം ഇരച്ചുകയറിയ തീരദേശത്ത് ഇവർ സജീവമായിരുന്നു. കോതമംഗലത്തുനിന്ന് കപ്പ, പൈനാപ്പിൾ തുടങ്ങിയവയും ഭക്ഷ്യധാന്യക്കിറ്റുകളും കുടിവെള്ള ജാറുകളും ഇവർ തീരദേശത്ത് എത്തിച്ചു.
വീട് നിർമ്മാണത്തിന് ഒരു കൂട്ടം ചെറുപ്പക്കാർ പിന്തുണയുമായി എത്തിയിട്ടുണ്ട്. നിർമ്മാണ സാമഗ്രികൾ മാത്രം എത്തിച്ചാൽമതി ബാക്കി വീട് കെട്ടിപ്പൊക്കുന്ന ജോലികൾ തീർത്തും സൗജന്യമായി ചെയ്യാമെന്നാണ് ഇവർ ഏറ്റിരിക്കുന്നത്. വെളളംകയറി ഭാഗികമായി നശിഞ്ഞ നിരവധി വീടുകളുടെ അറ്റകുറ്റപ്പണികളും ഇവർ ചെയ്യും.
രണ്ട് വീടുകൾ നിർമ്മിച്ചു നൽകുന്നതിന്റെ തറക്കല്ലിടൽ കർമ്മം ഇന്നലെ ഹൈബി ഈഡൻ എം.പി നിർവഹിച്ചു.വാർഡ് മെമ്പർ അനില സെബാസ്റ്റ്യൻ, തോമസ് ഗ്രിഗറി, ഷാജി തോപ്പിൽ, വിൻസന്റ്, വിപിൻ എന്നിവർ സംബന്ധിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കും.