ആലുവ: ടെക്സ്റ്റൈൽ, ഫുട്ട് വെയർ, ജൂവലറി സ്ഥാപനങ്ങളിൽ പർച്ചേഴ്‌സിന് വരുന്ന ഉപഭോക്താക്കളുടെ കൈവശം കല്യാണക്ഷണക്കത്ത് വേണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പിൻവലിക്കണമെന്ന് കേരള റീട്ടെയിൽ ഫുട്ട് വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. ഉത്തരവ് അപ്രായോഗികവും വ്യാപാരവിരുദ്ധവുമാണെന്ന് സംഘടന കുറ്റപ്പെടുത്തി.

2018 മുതൽ വിവിധ കാരണങ്ങളാൽ ദുരിതമനുഭവിക്കുന്ന വ്യാപാരിസമൂഹത്തെ ദ്രോഹിക്കുന്ന ഇത്തരം പ്രസ്താവനകളും നിലപാടുകളും തിരുത്താൻ അധികാരികൾ തയ്യാറാകണം. ഒന്നാംപ്രളയം മുതൽ സർക്കാരെടുക്കുന്ന എല്ലാ തീരുമാനങ്ങളിലും ഒപ്പം നിൽക്കുകയും പ്രളയ സെസ് അടക്കം സർക്കാരിലേക്ക് അടയ്ക്കുകയും ചെയ്തുവരുന്ന വ്യാപാരികളെ കേൾക്കുവാൻ സർക്കാർ തയ്യാറാകണം. ചെറുകിട വ്യാപാരികളുടെ വിഷയം കേൾക്കേണ്ടത് കുത്തക മുതലാളിമാരിൽ നിന്നോ ഉദ്യോഗസ്ഥരിൽ നിന്നോ അല്ലെന്നും വ്യാപാരി പ്രതിനിധികളിൽ നിന്നാണെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എൻ. മുജീബുറഹ്മാൻ, ജനറൽ സെക്രട്ടറി നൗഷൽ തലശേരി, ട്രഷറർ ഹുസൈൽ കുന്നുകര എന്നിവർ പറഞ്ഞു.