തൃക്കാക്കര: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കാൻ ശ്മശാനങ്ങളിൽ ഏഴായിരം രൂപ വരെ ഈടാക്കുമ്പോൾ മാതൃക കാട്ടി തൃക്കാക്കര നഗരസഭ. തൃക്കാക്കരയിൽ ഇന്നു മുതൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം നഗരസഭയുടെ ചെലവിൽ സംസ്‌കരിക്കുമെന്ന് ചെയർപേഴ്‌സൻ അജിത തങ്കപ്പൻ പറഞ്ഞു. നഗരസഭയുടെ അത്താണി പൊതുശ്മശാനത്തിലാണ് ഇതിന് സൗകര്യമൊരുക്കിയിരിക്കുന്നത്. സാധാരണ മരണങ്ങൾക്ക് 1500 രൂപയും കൊവിഡ് മരണങ്ങൾക്ക് കൂടുതൽ സുരക്ഷ വേണ്ടതിനാൽ 3000 രൂപയുമാണ് ഇതുവരെ ഈടാക്കിയിരുന്നത്. ലോക്ക് ഡൗൺ നീണ്ടുപോകുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സാമ്പത്തിക പ്രയാസം മുന്നിൽക്കണ്ടാണ് നഗരസഭ ഈ തീരുമാനമെടുത്തതെന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റാഷിദ് ഉളളംപളളി പറഞ്ഞു.