ആലുവ: സാമൂഹിക അകലത്തിലാണെങ്കിലും മുപ്പത്തടം ഗവ. ഹൈസ്‌കൂളിലെ അദ്ധ്യാപകർ മനസുകൊണ്ട് വിദ്യാർഥികളുടെ കുടുംബത്തോടൊപ്പമുണ്ട്. അതിജീവനത്തിനായുള്ള അടച്ചുപൂട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോടു കരുതലുണ്ട്. പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്‌കൂളിൽ എത്തിയ വിദ്യാർഥികളും രക്ഷിതാക്കളും പുതിയ പുസ്തകങ്ങളോടൊപ്പം ഏറ്റുവാങ്ങിയ വലിയ കിറ്റ് ഈ കുടുംബങ്ങൾക്കുള്ള അദ്ധ്യാപകരുടെ കൈത്താങ്ങാണ്. സർക്കാർ നൽകുന്ന ഭക്ഷ്യധാന്യ കിറ്റിനു പുറമേ സ്‌കൂളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ് പഠന സാമഗ്രികളും പലചരക്ക് സാധനങ്ങളും അടങ്ങിയ പ്രത്യേക കിറ്റ് നൽകിയത്.
115 ഇനം ഭക്ഷ്യ സാധനങ്ങളും വെളിച്ചെണ്ണയും നോട്ട് ബുക്കുകളും പേനകളും ഉൾപ്പെടെ ഇതിലുണ്ട്. ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലായി തിരഞ്ഞെടുത്ത 160 കുട്ടികൾക്കാണ് നൽകിയത്. സ്‌കൂളിൽ പഠിക്കുന്ന 20 ഇതരസംസ്ഥാനക്കാരായ വിദ്യാർഥികളും ഇതിലുണ്ട്. കൊറോണ മൂലം സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണെങ്കിലും ഓൺലൈൻ ക്ലാസിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങൾ വഴി അദ്ധ്യാപകർ കുട്ടികളുടെ പഠനവും ആരോഗ്യവുമെല്ലാം നിരീക്ഷിന്നുണ്ട്. ലോക് ഡൗൺ മൂലമുള്ള കുടുംബങ്ങളുടെ സാമ്പത്തികാവസ്ഥ നിരന്തരം തിരക്കുന്നുണ്ട്.
പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥി കുടുംബങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആശയം സ്റ്റാഫ് മീറ്റിങിൽ പ്രധാന അദ്ധ്യാപിക ജി. അജിതകുമാരി അവതരിപ്പിച്ചു. അദ്ധ്യാപകർ ചേർന്ന് ചർച്ച ചെയ്താണ് ഭക്ഷ്യധാന്യങ്ങളും പഠനസാമഗ്രികളും നൽകാനുള്ള തീരുമാനത്തിൽ എത്തിയത്. ഇതിനായുള്ള തുക സ്‌കൂളിലെ 35 അദ്ധ്യാപകരിൽ നിന്നു സ്വരൂപിച്ചു.
ഒന്നര ലക്ഷത്തോളം രൂപയുടെ കിറ്റുകളാണ് അദ്ധ്യാപകർ വിദ്യാർഥികൾക്കായി തയാറാക്കിയത്. ഓൺലൈനായി നടന്ന പ്രവേശനോത്സവത്തിനു ശേഷം പഞ്ചായത്തംഗം കെ.എൻ. രാജീവും പ്രധാന അധ്യാപിക ജി. അജിതകുമാരിയും ചേർന്ന് കിറ്റ് വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സി.എം. സിദ്ധിക്ക്, പി.ടി.എ. പ്രസിഡന്റ് അബ്ദുൾ സത്താർ, അദ്ധ്യാപകൻ സിബി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.