കൊച്ചി: ഒഡീഷയിലെ റൂർക്കേലയിൽ നിന്ന് മെഡിക്കൽ ഓക്‌സിജനുമായി നാലാമത് ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിൻ ടാങ്കറുകൾ കൊച്ചി വല്ലാർപാടത്ത് എത്തി. ഏഴ് ക്രയോജനിക് ടാങ്കറുകളിലായി 133.52 മെട്രിക് ടൺ ഓക്‌സിജനാണ് എത്തിയത്. തിങ്കളാഴ്ചയാണ് ഓക്‌സിജൻ ട്രെയിൻ യാത്ര തിരിച്ചത്.

513.72 മെട്രിക് ടൺ ദ്രവീകൃത ഓക്‌സിജൻ എക്‌സ്പ്രസ് വഴി ഇതുവരെ കേരളത്തിലെത്തിച്ചു. വല്ലാർപാടത്തു നിന്ന് ഓക്‌സിജൻ അഗ്‌നി രക്ഷാ സേനയുടെയും റെയിൽവെയുടെയും സഹായത്തോടെ ചെറിയ ടാങ്കറുകളിലേക്കു മാറ്റി വിവി ജില്ലകളിലേക്ക് കൊണ്ടുപോയി. ദ്രവീകൃത ഓക്‌സിജൻ വാതകമാക്കി സിലണ്ടറിൽ നിറച്ച് ആശുപത്രികൾക്ക് കൈമാറും.

നേരത്തെ മൂന്ന് ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിനുകളിലായി 380.2 മെട്രിക് ടൺ ഓക്‌സിജൻ വല്ലാർപടം കണ്ടെയ്‌നർ ടെർമിനലിൽ എത്തിച്ചിരുന്നു. കഴിഞ്ഞമാസം 16ന് 117.9 മെട്രിക് ടൺ, 22ന് 128.67 മെട്രിക് ടൺ, 27ന് 133.64 മെട്രിക് ടൺ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.