1

പള്ളുരുത്തി: ചെല്ലാനം തീരദേശത്ത് കടൽഭിത്തിക്ക് പകരം കട്ടപിടിച്ച സിമന്റ് ചാക്കുകൾ നിരത്താനുള്ള അധികാരികളുടെ നീക്കത്തിനെതിരെ തീരദേശത്ത് പ്രതിഷേധം അലയടിക്കുന്നു. കൊച്ചി തുറമുഖത്തെ സിമന്റ് കമ്പനികളിൽ ഉപയോഗശൂന്യമായ 5000 ചാക്കുകളാണ് ആദ്യഘട്ടത്തിൽ ഇവിടെ നിരത്താൻ ഉദ്ദേശിക്കുന്നത്. ഇത് എന്ത് വില കൊടുത്തും തടയുമെന്നാണ് തീരദേശ വാസികൾ പറയുന്നത്. ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനുള്ള തന്ത്രമാണിതെന്ന് ചെല്ലാനത്തെ ബി.ജെ.പി നേതാക്കൾ ആരോപിച്ചു. കടൽകയറ്റത്തിന് ശാശ്വത പരിഹാരം എന്ന നിലയിൽ കടൽഭിത്തിയും പുലിമുട്ടുമാണ് വേണ്ടത്. കണ്ണിൽ പൊടിയിടാനുള്ള തന്ത്രം എന്ത് വില കൊടുത്തും എതിർക്കുമെന്ന് നേതാക്കളായ പ്രവീൺ ഡി പ്രഭു, രാജേഷ് എന്നിവർ അറിയിച്ചു. വി ഫോർ കൊച്ചി പ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.