കൊച്ചി: എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിൽ അനർഹമായി കൈവശം വെച്ചിരിക്കുന്ന എ.എ.വൈ, മുൻഗണന വിഭാഗത്തിലെ റേഷൻകാർഡുകൾ തിരികെ ഏൽപ്പിക്കണമെന്ന് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു.
കേന്ദ്ര/ സംസ്ഥാന സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, പൊതുമേഖല, സഹകരണ സ്ഥാനങ്ങളിലെ സ്ഥിരം ജീവനക്കാർ, സർവീസ് പെൻഷൻകാർ, ആദായനികുതി നൽകുന്നവർ കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, പ്രവാസികളടക്കം റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുളള എല്ലാ അംഗങ്ങൾക്കുംകൂടി പ്രതിമാസ വരുമാനം 25000 രൂപയോ അതിൽ അധികമോ ഉണ്ടെങ്കിൽ, ഒരു ഏക്കറിലധികം ഭൂമി സ്വന്തമായുള്ളവർ, 1000 ചതുരശ്ര അടിക്കു മുകളിലുള്ള വീടോ, ഫ്‌ളാറ്റോ സ്വന്തമായി ഉള്ളവർ, എക ഉപജീവനമാർഗമായ ടാക്‌സി ഒഴികെ സ്വന്തമായി നാല് ച്രക വാഹനമുള്ള റേഷൻ കാർഡുടമകൾ എന്നിവർ അനർഹമായി കൈവശം വച്ചിട്ടുള്ള റേഷൻ കാർഡുകളാണ് ജൂൺ 15 നകം പൊതുവിഭാഗത്തിലേയ്ക്ക് മാറേണ്ടത്. ഇത്തരം കാർഡുകൾ അനർഹമായി ആരെങ്കിലും കൈവശം വെച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും അധികൃതരെ അറിയിക്കാം. ആധാർകാർഡ് റേഷൻകാർഡുമായി ബന്ധിപ്പിക്കാത്തവർ എത്രയുംവേഗം ബന്ധിപ്പിക്കണമെന്നും റേഷനിംഗ് ഓഫീസർ അറിയിച്ചു.