കൊച്ചി: ലക്ഷദ്വീപിൽ കെട്ടിടനിർമ്മാണ ജോലികൾക്ക് പോയ മലയാളികൾ ഉൾപ്പെടെയുള്ളവരോട് ഏഴ് ദിവസത്തിനകം മടങ്ങാൻ ദ്വീപ് ഭരണകൂടം നിർദേശം നൽകിയതായി അറിയുന്നു.
ദ്വീപ് ഭരണകൂടമോ ലക്ഷദ്വീപ് നിവാസികളോ നൽകുന്ന വർക്ക് പെർമിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ അന്യനാട്ടുകാർക്ക് ഇവിടെ തുടരാനാകൂ. തലസ്ഥാനമായ കവരത്തിയിൽ മാത്രം ആയിരത്തോളം നിർമ്മാണ തൊഴിലാളികളുണ്ട്. ഭൂരിഭാഗവും മലയാളികളാണ്. തമിഴരും ഹിന്ദിക്കാരുമാണ് മറ്റുള്ളവർ. ഇവരിൽ ഏതാണ്ട് എല്ലാവരുടെയും കൊവിഡിനെ തുടർന്ന് നീട്ടിയ നൽകിയ വർക്ക് പെർമിറ്റ് കാലാവധി മേയ് 31ന് തീർന്നു. ഇത് പുതുക്കാൻ ഇന്നലെ എ.ഡി.എം ഓഫീസിനെ സമീപിച്ചപ്പോഴാണ് മടങ്ങിപ്പോകാൻ നിർദേശം ലഭിച്ചത്.
ഇതുവരെ കൊച്ചി ഓഫീസിൽ നിന്ന് കൊടുത്തിരുന്ന പെർമിറ്റ് ഇപ്പോൾ ലക്ഷദ്വീപ് എ.ഡി.എമ്മാണ് നൽകുന്നത്. മാസങ്ങളായി ജോലി ഇല്ലാതിരുന്ന തൊഴിലാളികൾ പലരും കടക്കെണിയിലാണ്. വാടക കുടിശിക തന്നെ നല്ലൊരു തുക വരും. കൂടാതെ പൂർത്തിയാക്കാൻ ബാക്കിയുള്ള പണികളാണ് ഏറെയും. അതുകൊണ്ട് തന്നെ പ്രതിഫലം കിട്ടുക എളുപ്പവുമല്ല. മടങ്ങിയാൽ തിരികെ എന്ന് എത്താനാവുമെന്ന് ഉറപ്പുമില്ല.
എന്തു ചെയ്യണമെന്ന് അറിയാതെ അനിശ്ചിതത്വത്തിലാണ് ഇവരെല്ലാവരും. സിമന്റ് ഉൾപ്പടെ കരയിൽ നിന്ന് കൊണ്ടുവന്ന് വീടുപണി നടത്തുന്ന നാട്ടുകാരും തൊഴിലാളികൾ മടങ്ങിയാൽ കുരുക്കിലാകും. ഒരുമാസമെങ്കിലും സമയം നീട്ടി ലഭിച്ചാൽ പണികൾ തീർക്കാനാകുമെന്ന് എറണാകുളം സ്വദേശി പ്രമോദ് പറഞ്ഞു.