കൊച്ചി: കൊച്ചി കോർപ്പറേഷന്റെ 60.31 കോടിയുടെ പ്ളാൻഫണ്ട് പദ്ധതികൾക്ക് കൗൺസിൽ അംഗീകാരം ലഭിച്ചു. 2021-22 ലെ ജനകീയാസൂത്രണ പദ്ധതി പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. ആകെ 802 പദ്ധതികളാണുള്ളത്. മാർച്ചിൽ പൂർത്തിയാകേണ്ട നടപടിക്രമങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ തുടർന്നാണ് ഇത്രയുംനീണ്ടത്. കഴിഞ്ഞ 31ന് മേയർ അഡ്വ.എം. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന കൗൺസിൽ യോഗമാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്. കളക്ടർ ചെയർമാനായ ജില്ലാ പ്ളാനിംഗ് സമിതിയുടെ (ഡിപി.സി) അംഗീകാരംകൂടി ലഭിച്ചാൽ പ്രവർത്തനങ്ങൾക്ക് തുടക്കമാകും.
പ്ളാൻഫണ്ട്: 51.55 കോടി
എസ്.സി ഫണ്ട്: 6.97 കോടി
എസ്.ടി ഫണ്ട്: 1.79 കോടി
ആകെ: 60.31 കോടി
റോഡുകളുടെ പരിപാലനത്തിന്: 27.86 കോടി
റോഡിതരം ( ആശുപത്രി,സ്കൂൾ ):15.34 കോടി
ആകെ: 43.20 ( സർക്കാർ ഗ്രാന്റ് )
ഈ വർഷത്തെ പുതിയ പദ്ധതികൾ: 508
സ്പിൽ ഓവർ: 294
ആകെ 802 പദ്ധതികൾ
കൊച്ചങ്ങാടിക്ക് 53 ലക്ഷം
ബഹുകുടുംബ പദ്ധതിയിൽ ഉൾപ്പെടുത്തി ആറാംഡിവിഷനിലെ കൊച്ചങ്ങാടിക്ക് 53 ലക്ഷം നൽകാൻ കൗൺസിൽ തീരുമാനം. 40 ലക്ഷംരൂപ പ്ളാൻഫണ്ട് വിഹിതമായും 13 ലക്ഷം സ്പിൽ ഓവറുമായാണ് അനുവദിച്ചിരിക്കുന്നത്. 9 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനായി ഈ തുക. ഉപയോഗിക്കും. ഇവരുടെ വീട് അപകടാവസ്ഥയിലായതിനെ തുടർന്ന് കൗൺസിലർ എം.എച്ച്.എം അഷ്റഫ് മുൻകൈയെടുത്ത് ഇവിടെനിന്ന് മാറ്റി പാർപ്പിച്ചിരിക്കുകയാണ്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതിയ വീടുകളുടെ നിർമ്മാണം നടന്നുവരുന്നു.
കേന്ദ്രവിഹിതം 45 കോടി
കുടിവെള്ളം,മാലിന്യസംസ്കരണ പദ്ധതികൾക്കായി കേന്ദ്രസർക്കാരിൽനിന്ന് 45കോടി ലഭിക്കും. ഇതിൽ ഏഴുകോടി കുടിവെള്ളത്തിനായി മാറ്റും. മാലിന്യസംസ്കരണത്തിനായി ഉപയോഗിക്കുന്ന ബ്രഹ്മപുരത്തെ നിലവിലെ പ്ളാന്റ് പൊളിച്ചുപണിയുന്നതിന് എട്ടരക്കോടി ചെലവഴിക്കും. പ്ളാന്റ് ഏതുനിമിഷവും തകർന്നുവീഴുമെന്ന അവസ്ഥയിലാണ്. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആധുനിക പ്ളാന്റിന്റെ നിർമ്മാണം പൂർത്തിയായാലും ഇത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും.
പി.ആർ.റെനീഷ്
വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ
ബാദ്ധ്യതയായി
സ്ഥലമെടുപ്പ് ഫണ്ട്
വെള്ളക്കരം, അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം, ബ്രഹ്മപുരം പ്ളാന്റിന് വേണ്ടിയുള്ള സ്ഥലമെടുക്കൽ തുടങ്ങി വിവിധ ഇനങ്ങളിൽ സർക്കാർ ചെലവഴിച്ചതുക വെട്ടിച്ചുരുക്കി മിച്ചമുള്ള തുകയാവും പ്ളാൻഫണ്ട് വിഹിതമായി സംസ്ഥാനസർക്കാരിൽനിന്ന് ലഭിക്കുന്നത്. 20 കോടി ഉണ്ടായാൽ ഭാഗ്യമെന്നു പറയാം. ബ്രഹ്മപുരം പ്ളാന്റിനായി സ്ഥലം ഏറ്റെടുത്ത വകയിലുള്ള ബാദ്ധ്യതയിൽനിന്ന് കോർപ്പറേഷനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ മേയർ സർക്കാരിന് കത്തുനൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല.