dr-k-siva-prasad

കളമശേരി: വേലിക്കകത്തെ പ്രൊഫസർ എന്നു പറഞ്ഞാൽ കുസാറ്റിലെ ഷിപ്പ് ടെക്നോളജി ഡിപ്പാർട്ടുമെന്റിലെ ഡോ.കെ.ശിവപ്രസാദിന് അഭിമാനമാണ്. തൃക്കാക്കരയിൽ വേറിട്ടു നിൽക്കുന്നു പ്രൊഫസറുടെ വേലികെട്ടിയ ചിന്താമണി ഗൃഹം. ചെറുപ്പകാലത്ത് തറവാടി​ന് ചുറ്റുമുണ്ടായിരുന്ന വേലിയുടെ സ്മരണകളിലാണ് വീടിനു മുന്നിൽ നിത്യഹരിതമായ വേലി പ്രൊഫസർ സംരക്ഷിക്കുന്നത്. തൃക്കാക്കര വാമനമൂർത്തി മഹാക്ഷേത്രത്തിനടുത്ത് ഹരിതനഗറിലെ 45-ാം വീടാണ് ചിന്താമണിഗൃഹം. പച്ചപ്പടർപ്പുള്ള കൊച്ചു വേലിയാണ് മുന്നിൽ. ആര്യവേപ്പും, കാട്ടുറബ്ബറും, ശീമക്കൊന്നയും, നന്ദ്യാർവട്ടവും, കുലച്ചെത്തികളും, ചെമ്പരത്തിയും, മന്ദാരവും, കനകാംബരവും, മൈലാഞ്ചിയും നിരന്നു നിൽക്കുന്ന സസ്യജാലമാണ് മുന്നി​ലെ അതിർത്തി.

കീരികളും, കാക്കക്കൂട്ടവും അണ്ണാർക്കണ്ണൻമാരും, ചെമ്പോത്തുകളും, ബുൾബുളിണകളും, തേൻകുരുവികളും, ചിത്രശലഭങ്ങളും, വണ്ണാത്തിപ്പുള്ളുഗണവും പലപ്പോഴായും, ചിലപ്പോൾ പച്ചില പാമ്പും അതിഥികളായെത്തുന്ന ഹരിത സങ്കേതം കൂടി​യാണീ വേലിപ്പടർപ്പ്.

വാമനമൂർത്തിയമ്പലത്തിൽ ദർശനത്തിനു പോകുന്ന ഭക്തർക്ക് വേണ്ടി​യുള്ള പുഷ്പങ്ങളും വേലി​യി​ൽ വിരി​യുന്നുണ്ട്.

ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ നിരീക്ഷണ സമതി, ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് ടെക്നിക്കൽ കമ്മിറ്റി, നേവൽ ആർക്കിടെക്ച്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ് എക്സ്പർട്ട് കമ്മിറ്റി, ഇന്ത്യൻ മാരിടൈം യൂണവേഴ്സിറ്റി റിസർച്ച് ബോർഡ്, കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ബോർഡ് ഒഫ് സ്റ്റഡീസ് തുടങ്ങി​യ സമി​തി​കളി​ൽ അംഗംകൂടി​യാണ് ഡോ.ശി​വപ്രസാദ്.

ഭാര്യ കെ. ശാലിനി, വി​ദ്യോദയ സ്കൂളി​ലെ സംസ്കൃതം അദ്ധ്യാപികയാണ്. നാമദേവനും മാനവേദനുമാണ് മക്കൾ.

ലോകത്തെവിടെയെങ്കിലും മതിൽ വീണ് മനുഷ്യൻ മരിക്കുന്നുണ്ടെങ്കി​ൽ അത് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ മാത്രമാണ്. പ്രകൃതി​യെയും വി​ഭവങ്ങളെയും സമ്പത്തി​നെയും നശി​പ്പി​ച്ച് ധാരാളം മതി​ലുകളാണ് ഇവി​ടെ കെട്ടി​പ്പൊക്കുന്നത്.

ഡോ.കെ. ശി​വപ്രസാദ്