മൂവാറ്റുപുഴ: ചുഴലികാറ്റിലും പെരുംമഴയിലും മൂവാറ്റുപുഴ മേഖലയിൽ ഒന്നേകാൽ കോടി രൂപയുടെ കൃഷി നാശം സംഭവിച്ചതായി കൃഷിവകുപ്പിന്റെ കണക്ക്. കഴിഞ്ഞയാഴ്ചയുണ്ടായ അപ്രതീക്ഷിത മഴയാണ് കർഷകരുടെ നടു ഒടിച്ചത്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ 8 പഞ്ചായത്തുകളിലായി 400 ഏക്കർ സ്ഥലത്ത് പൈനാപ്പിൾ കൃഷി നശിച്ചു. 76 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. മഴയിൽ കപ്പ, പച്ചക്കറി, ജാതി കൃഷിയിൽ 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും കൃഷി വകുപ്പ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ വിളവെടുക്കാനാകാതെയും മറ്റും തോട്ടത്തിൽ നിന്ന പൈനാപ്പിൾ വലിയ തോതിൽ നശിച്ചതായാണ് കർഷകർ നൽകിയ വിവരങ്ങൾ. 76 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതു മൂലം കർഷകർക്കുണ്ടായത്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ 8 പഞ്ചായത്തുകളിലെ മാത്രം കണക്കാണിത്. മഞ്ഞള്ളൂർ, കല്ലൂർക്കാട്, ആരക്കുഴ, ആവോലി പഞ്ചായത്തുകളിലാണ് കൂടുതൽ നഷ്ടം ഉണ്ട‍ായത്. അഞ്ഞൂറ് ഏക്കറോളം സ്ഥലത്ത് കപ്പയാണ് നശിച്ചത്. വാളകം പഞ്ചായത്തിലാണ് കൂടുതൽ കപ്പക്കൃഷി നാശം ഉണ്ടായത്. കർഷകർ കപ്പയും പൈനാപ്പിളും സൗജന്യമായ നൽകുകയായിരുന്നു. പല സ്ഥലങ്ങളിലും വിളവെടുക്കാൻ പോലും കഴിയാതെ കപ്പ കൃഷിയുണ്ട്. പാടശേഖരങ്ങളിലും മറ്റും ചെയ്ത കപ്പക്കൃഷിയാണ് വിളവെടുക്കാതെ ഇട്ടിരിക്കുന്നത്. പല സ്ഥലത്തും വെള്ളം കയറി കപ്പ ചീഞ്ഞു പോകുകയും ചെയ്തു. പല കർഷകരും ,ചെല്ലാനം അടക്കമുള്ള പ്രദേശങ്ങളിലേക്ക് കപ്പ നൽകുകയുംചെയ്തു. പച്ചക്കറി, ജാതി, വാഴ കൃഷിയും വ്യാപരമായി നശിച്ചു. അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഡയറക്ടർ ടാനി തോമസ് കൃഷി ഓഫിസർ വിദ്യാ സോമൻ , ബിനി മക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് കാർഷിക വിള നാശത്തിന്റെ കണക്കെടുപ്പ് നടത്തിയത്.