fish

കൊച്ചി: കൊവിഡ് പ്രതിസന്ധിയും അന്താരാഷ്ട്ര വിപണിയിലെ മാന്ദ്യവും നിലനിൽക്കെ 2020-21ൽ ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി വരുമാനത്തിൽ മുൻവർഷത്തെക്കാൾ 10.81 ശതമാനം കുറവുണ്ടായതായി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ )അറിയിച്ചു. 11,49,341 ടൺ സമുദ്രോത്പന്നങ്ങളാണ് 2020-21ൽ കയറ്റുമതി ചെയ്തത്. 43,717.26 കോടി രൂപയാണ് കയറ്റുമതി വരുമാനം.

അമേരിക്ക, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലേയ്ക്കാണ് ഏറ്റവുമധികം കയറ്റുമതി.

കയറ്റുമതി ചെയ്ത അളവിന്റെ 51.36 ശതമാനവും ശീതീകരിച്ച ചെമ്മീനാണ്. ഡോളർ വരുമാനത്തിൽ 74.31 ശതമാനവും ഈവിഭാഗത്തിൽ നിന്നാണ്.

 ഇറക്കുമതി ഇങ്ങനെ

അമേരിക്ക (2,72,041 ടൺ)

ചൈന(1,01,846 ടൺ)

യൂറോപ്യൻ യൂണിയൻ(70,133 ടൺ),

ജപ്പാൻ (40,502 ടൺ)

ദക്ഷിണ പൂർവേഷ്യ(38,389 ടൺ)

ഗൾഫ് രാജ്യങ്ങൾ(29,108 ടൺ).

 2019-20ലെ കയറ്റുമതി : 12,89,651 ടൺ : 46,662.85 കോടി രൂപ

 2020-21 ലെ കയറ്റുമതി : 11,49,341 ടൺ : 43,717.26 കോടി രൂപ

 കുറവ് 10.81 %

ശീതീകരിച്ച ചെമ്മീൻ അളവിൽ 9.50 ശതമാനത്തിന്റെ കുറവുണ്ടായി. ആകെ കയറ്റുമതിയിലെ 4,426.19 ദശലക്ഷം ഡോളർ വരുമാനവും 5,90,275 ടണ്ണും ചെമ്മീനിനാണ്. 2019-20 നെക്കാൾ വനാമി ചെമ്മീൻ കയറ്റുമതി 5,12,204 ൽ നിന്നും 2020-21 ൽ 4,92,271 ടണ്ണായി കുറഞ്ഞു. വനാമിയുടെ കയറ്റുമതിയിൽ 56.37 ശതമാനവും അമേരിക്കയിലേയ്ക്കാണ്. കാരച്ചെമ്മീൻ കയറ്റുമതി ഏറ്റവുമധികം ജപ്പാനിലേക്കാണ്. ശീതീകരിച്ചതും ജീവനുള്ളതുമായവയുടെ കയറ്റുമതിയിൽ വൻ ഇടിവുണ്ടായി. വിമാനമാർഗമുള്ള ചരക്ക് നീക്കം തടസപ്പെട്ടതാണ് കാരണം.

 കൊവിഡ് തിരിച്ചടിയായി
കൊവിഡ് സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ പ്രതിസന്ധി സൃഷ്ടിച്ചു. രണ്ടാം പകുതിയുടെ അവസാനം കയറ്റുമതി വർദ്ധിച്ചു. മത്സ്യലഭ്യതക്കുറവ്, കണ്ടെയ്‌നർ ക്ഷാമം, യൂറോപ്യൻ യൂണിയനിലെ വൻകിട വില്പനശാലകളിലെ കൊവിഡ് നിയന്ത്രണങ്ങൾ എന്നിവയും പ്രതികൂലമായി ബാധിച്ചു.

കെ.എസ്. ശ്രീനിവാസ്
എം.പി.ഇ.ഡി.എ