ആലുവ: യുവ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ ഇനി ഓർമ്മകളുടെ കാൻവാസിൽ ജീവിക്കും. സംസ്ഥാനത്തിനകത്തും പുറത്തും കാർട്ടൂൺ വരകളുമായി ഓടിനടന്നിരുന്ന കേരള കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാൻ ഇബ്രാഹിം ബാദുഷ ഇന്നലെ രാവിലെയാണ് കൊവിഡിന് കീഴടങ്ങിയത്.
കൊവിഡ് പ്രതിരോധ ചിത്രങ്ങൾ ഉൾപ്പെടെ സമൂഹനന്മക്കായി നിരവധി ചിത്രങ്ങൾ വരച്ച ബാദുഷയെ കൊവിഡ് തന്നെയാണ് തട്ടിയെടുത്തതും. കൊവിഡ് കാലത്തും ബാദുഷയുടെ കാർട്ടൂൺ വരകൾക്ക് വിശ്രമമില്ലായിരുന്നു. പ്രശസ്തർക്കൊപ്പം സാധാരണക്കാരെയും ബാദുഷ കാൻവാസിലാക്കി. സാമൂഹ്യനന്മ ലക്ഷ്യമാക്കി നിരവധി കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. ലഹരിക്കെതിരെയും ഗതാഗത നിയമങ്ങൾ സംബന്ധിച്ചും ബോധവത്കരണ ചിത്രങ്ങൾ വരച്ച് പ്രദർശിപ്പിച്ചിട്ടുണ്ട്.
കൊറോണ പ്രതിരോധ കാർട്ടൂണുകൾ വരച്ച് നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്ന ബാദുഷയ്ക്ക് ഐ.എം.എയുടെയടക്കം വലിയ പിന്തുണ ലഭിച്ചിരുന്നു. വിവിധ കോളേജുകളിലെ എൻ.എസ്.എസ് വളണ്ടിയർമാരും ബാദുഷയുടെ കാർട്ടൂണുകളുടെ പ്രചാരകരാണ്. അടുപ്പക്കാർക്ക് അവരുടെ കാർട്ടൂൺ ചിത്രങ്ങൾ വരച്ച് ഫ്രെയിം ചെയ്ത് നൽകുന്നത് ബാദുഷക്ക് ശീലമായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖർക്ക് ബാദുഷ കാർട്ടൂൺ വരച്ച് സമ്മാനിച്ചിട്ടുണ്ട്. കാർട്ടൂൺ രംഗത്തെ മികവിന് ആലുവ നഗരസഭയും ആലുവ മീഡിയ ക്ലബും ബാദുഷയെ ആദരിച്ചിട്ടുണ്ട്.