ആലുവ: കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് എസ്.ഒ.എസ് ദീർഘകാല സുരക്ഷണം ഉറപ്പുവരുത്തും. ഉന്നതവിദ്യാഭ്യാസം നൽകി ജോലിയിൽ പ്രവേശിക്കുന്നതുവരെ സംരക്ഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൊവിഡ് പോസിറ്റീവാകുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനായും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ സാധാരണ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മാതാപിതാക്കൾക്ക് കൊവിഡ് ബാധിക്കുകയും കുട്ടികൾക്ക് ക്വാറന്റൈൻ സൗകര്യം ഇല്ലാതിരിക്കുന്ന സാഹചര്യങ്ങളിൽ പെൺകുട്ടികൾക്ക് മാത്രമായി ക്വാറന്റൈൻ കേന്ദ്രവും ആരംഭിച്ചു. എടത്തല ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.
എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിലെത്തുന്ന കുട്ടികൾ അമ്മയുടെ സംരക്ഷണത്തിലുള്ള കുടുംബത്തിലേക്കാണ് വരുന്നത്. കുടുംബാന്തരീക്ഷത്തിൽ കഴിയുന്നതിനാൽ കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടുകയും മാനസികാഘാതത്തിൽനിന്നും മുക്തരാകാൻ സഹായിക്കുകയും ചെയ്യുമെന്ന് ചിൽഡ്രൻസ് വില്ലേജ് ഇന്ത്യ സെക്രട്ടറി ജനറൽ സുമന്ത കർ പറഞ്ഞു. എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ, മെമ്പർമാരായ ഷൈനി ടോമി, ജസീന്ത ബാബു എന്നിവർ ക്വാറന്റൈൻ സെന്റർ സന്ദർശിച്ചു.