വൈപ്പിൻ: സൈറ്റ് എൻജിനിയർക്ക് നേരെ വധഭീഷണി മുഴക്കിയതിനെത്തുടർന്ന് കേരള ജല അതോറിറ്റിയുടെ മുരിക്കുംപാടം ശുദ്ധജല സംഭരണി നിർമ്മാണം മുടങ്ങിയിട്ട് ഒരാഴ്ചയായി. അമിതകൂലി ആവശ്യപ്പെട്ട് ഏതാനുംപേർ വർക്ക്‌സൈറ്റിൽ അതിക്രമിച്ച് കയറുകയും തുടർന്ന് വധഭീഷണി മുഴക്കുകയും ചെയ്തതിനെത്തുടർന്നാണ് പണി സ്തംഭിച്ചത്. ഇവർ അംഗീകൃത തൊഴിലാളികല്ല. ഏതെങ്കിലും പാർട്ടിയുമായും ബന്ധമില്ല. ജില്ലാ ലേബർ ഓഫീസർ ബന്ധപ്പെട്ടുവെങ്കിലും അംഗീകൃത തൊഴിലാളികളല്ലാത്തതിനാൽ പ്രശ്‌നത്തിൽ ഇടപെട്ടില്ല. തങ്ങൾ ഒരു പ്രമുഖയൂണിയനിൽപ്പെട്ടവരാണെന്നാണ് ഇവരുടെ അവകാശവാദം.
 പരിഹരിക്കുന്നത് എളങ്കുന്നപ്പുഴയിലെ കുടിവെള്ളപ്രശ്നം

എളങ്കുന്നപ്പുഴ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഈ ഭാഗത്തേക്ക് തെക്കൻ പ്രദേശങ്ങളിൽ നിന്ന് ഏറെ ദൂരം പിന്നിട്ടാണ് വെള്ളം എത്തിക്കുന്നത്. അതിനാൽ ഇവിടെയെത്തുമ്പോൾ ജലമർദം വളരെ കുറവായിരിക്കും. ഇതിനൊരു പരിഹാരമാണ് മുരിക്കുംപാടം ടാങ്ക് നിർമ്മിക്കുന്നത്. മുൻ എം.എൽ.എ എസ്. ശർമ്മ ഉദ്യോഗസ്ഥതലത്തിൽ ഏറെ സമ്മർദം ചെലുത്തിയാണ് നിർമ്മാണം പുനരാരംഭിച്ചത്. നാല് നിലകൾ പൂർത്തിയാക്കിയ സംഭരണിയുടെ മുകൾ നിലയിൽ ടാങ്കും ചുറ്റുമതിലും മാത്രമാണ് ഇനി നിർമ്മിക്കാനുള്ളത്.

 പരാതി നൽകി

വധഭീഷണി മുഴക്കിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടും കോൺട്രാക്ടർ എളങ്കുന്നപ്പുഴ പഞ്ചായത്തിനും ഞാറക്കൽ പൊലീസിനും പരാതി നൽകി. ടാങ്ക് സ്ഥിതി ചെയ്യുന്ന വാർഡിലെ പഞ്ചായത്ത് അംഗം അഡ്വ. ഡോൾഗോവ് നിർമ്മാണത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടണ്ട്. ഹർജി ഫയലിൽ സ്വീകരിച്ചു. അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

 നിർമ്മാണമാരംഭിച്ചിട്ട് എട്ടുവർഷം

 വിവിധ കാരണങ്ങളാൽ നിർമ്മാണം നിലച്ചിരുന്നു.

 മുൻപുള്ള കരാറുകാർ ജോലി ഉപേക്ഷിച്ചു.

 നാലുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കാം