കൊച്ചി: കണക്കിനെ ലളിതമാക്കുന്ന വേദഗണിതത്തിലെ (വേദിക് മാത്തമാറ്റിക്‌സ്) മികവ് ആലപ്പുഴ സ്വദേശികളായ നന്ദിതയ്ക്കും നിവേദിതയ്ക്കും സമ്മാനിച്ചത് അസുലഭ അവസരം. വേദഗണിതത്തെക്കുറിച്ച് അന്താരാഷ്ട്ര കോൺഫറൻസിൽ പ്രഭാഷണം നടത്താനും കുട്ടികൾക്ക് ക്ലാസ് എടുക്കാനും ഇരുവർക്കും ക്ഷണം ലഭിച്ചു.
2020ൽ ലോക്ക്ഡൗൺ കാലത്ത് ഓൺലൈനായി കൂട്ടുകാർക്ക് വേദഗണിതം പഠിപ്പിച്ചാണ് ഇരുവരും രംഗത്തെത്തിയത്. കോട്ടയം കേന്ദ്രീയ വിദ്യാലയത്തിൽ പത്തിലാണ് നന്ദിത. നിവേദിത ഏഴിലും. കണക്കിലെ കളികളും വേഗത്തിൽ ഉത്തരം കണ്ടെത്തുന്ന മാർഗങ്ങളുമൊക്കെയായപ്പോൾ ക്ലാസിൽ ചേരാൻ കൂടുതൽ പേരെത്തി. കഴിഞ്ഞ അവധിക്കാലത്ത് 300ഓളം പേർ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തു.
ഇത്തവണ ഈസീ മാത്‌സ് എന്ന ഇവരുടെ ഓൺലൈൻ പരിപാടിയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്ന് മുതൽ 10 വരെ ക്ലാസുകളിലെ ആയിരത്തിലേറെ കുട്ടികളെത്തി. 50ലേറെ ട്രെയിനിംഗ് പ്രോഗ്രാമുകൾ ഓൺലൈനായി ഇരുവരും സംഘടിപ്പിച്ചു.
പിന്നാലെയാണ് ലണ്ടനിലെ എെ.എ.വി.എം (ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വേദിക് മാത്തമാറ്റിക്‌സ്) ഏഴാമത് അന്താരാഷ്ട്ര കോൺഫറൻസിൽ ജൂൺ 12ന് പ്രഭാഷണം നടത്താനും ജൂൺ 13ന് കുട്ടികൾക്ക് ക്ലാസെടുക്കാനും ഇവരെ ക്ഷണിച്ചത്. ഓൺലൈനായാണ് പരിപാടി.
15 വർഷമായി ഈ രംഗത്തുള്ള അച്ഛനിൽ നിന്നാണ് ഇരുവരും വേദിക് മാത്‌സ് സ്വായത്തമാക്കിയത്. ഓട്ടോമൊബൈൽ എൻജിനിയറായിരുന്ന പിതാവ് ദേവരാജ് രാജ്യത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ വേദിക് മാത്‌സ് പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ധന്യയാണ് മാതാവ്.