വൈപ്പിൻ:കുഞ്ഞു കുഞ്ഞ് ആഗ്രഹങ്ങൾക്കായി കൂട്ടിവച്ച കാശുകുടുക്ക എം.എൽ.എയ്ക്ക് കൈമാറിയപ്പോൾ ആരുഷിയുടെയും ആഷ്വിന്റേയും മുഖത്ത് പുഞ്ചിരി വിരിഞ്ഞു. വാക്സിൻ ചലഞ്ചിലേക്ക് തങ്ങൾക്ക് ആവുന്ന ചെയ്യാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസമായിരുന്നു ഈ ചിരിക്ക് കാരണം. കാശുകുടുക്ക ഏറ്റുവാങ്ങിയപ്പോൾ കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എയ്ക്ക് ഇത് അഭിമാന നിമിഷമായി.
ഇന്നലെയാണ് കരുന്നുകൾ വാക്സിൻ ചലഞ്ചിലേക്ക് സമ്പാദ്യ കുടുക്ക കൈമാറിയത്.കുട്ടികളുടെ ആഗ്രഹമറിഞ്ഞ എം.എൽ.എ. ഇരുവരുടെയും വീടുകളിലെത്തി സംഭാവന ഏറ്റുവാങ്ങുകയായിരുന്നു. സാധാരണക്കാരായ കുട്ടികൾപോലും ദുരിതാശ്വാസ നിധിയിലേക്ക് ഉത്സാഹപൂർവ്വം സംഭാവന നൽകുന്നത് തികച്ചും മാതൃകാപരമാണെന്നും പ്രത്യാശാഭരിതമായ ഭാവി നാടിനുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്നും എം.എൽ.എ പറഞ്ഞു. രോഗം എപ്പോൾ വേണമെങ്കിലും ആർക്കും പിടിപെടാമെന്നും അതുകൊണ്ട് കൊവിഡ് മൂലം ദുരിതത്തിലായവരെ സഹായിക്കേണ്ടത് ഉത്തരവാദിത്വമായി കരുതുന്നുവെന്നും കുടുക്ക കൈമാറിക്കൊണ്ട് ആഷ് വിൻ വ്യക്തമാക്കി.
ഡ്രൈവറായ കുഴുപ്പിള്ളിവീട്ടിൽ കെ.കെ. നിതീഷിന്റെ മകളാണ് ആരുഷി. രണ്ടാം ക്ളാസ് വിദ്യാർത്ഥിനിയാണ്. മത്സ്യത്തൊഴിലാളിയായ അല്ലപ്പറമ്പിൽ എ.ജി. ഹരീഷിന്റെ മകനാണ് ഏഴാംക്ളാസുകാരൻ എ.എച്ച്. ആഷ്വിൻ.നായരമ്പലം ബി.വി.എച്ച്.എസ്. വിദ്യാർത്ഥികളാണ് ഇരുവരും.ആരുഷിയുടെ കുടുക്കയിൽ 3485 രൂപയും ആഷ്വിന്റെ കുടുക്കയിൽ 2565 രൂപയും സമ്പാദ്യമുണ്ടായിരുന്നു.