ആലുവ: സീപോർട്ട് - എയർപോർട്ട് റോഡിന്റെ എൻ.എ.ഡി മുതൽ മഹിളാലയം വരെയുള്ള ഭാഗത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠന റിപ്പോർട്ട് ജില്ലാ കളക്ടർ റവന്യൂ വകുപ്പിനു കൈമാറിയെന്നും അംഗീകാരം ലഭിച്ചാൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി ടെണ്ടർ ചെയ്യുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
അൻവർ സാദത്ത് എം.എൽ.എയുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
ചൊവ്വര മുതൽ എയർപോർട്ട് വരെയുള്ള ഭാഗത്തിന് ഭരണാനുമതി നൽകാൻ നടപടി സ്വീകരിക്കുന്നുണ്ട്. അതോടൊപ്പം എച്ച്.എം.ടി മുതൽ എൻ.എ.ഡി വരെയുള്ള ഭാഗത്തിന്റെ നിർമ്മാണവും നടക്കുന്നുണ്ട്. എച്ച്.എം.ടിയുടെയും എൻ.എ.ഡിയുടേയും ഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
എൻ.എ.ഡി മുതൽ മഹിളാലയം വരെയുള്ള ഭാഗത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കിഫ്ബി 430 കോടി രൂപ അനുവദിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ ഇഴഞ്ഞുനീങ്ങുന്നതിനാൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്ന് എം.എൽ.എ സബ് മിഷനിൽ ഉന്നയിച്ചു. റോഡിന്റെ ചൊവ്വര മുതൽ എയർപോർട്ടു വരെയുള്ള നാല് കിലോമീറ്റർ നിർമ്മാണത്തിനുള്ള തുകയും അനുവദിക്കണം. എൻ.എ.ഡി മുതൽ മഹിളാലയം വരെയുള്ള ആറ് കിലോമീറ്ററിനായി 75 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിനായുള്ള അലൈൻമെന്റ് വർഷങ്ങൾക്കു മുമ്പ് പൂർത്തിയായെങ്കിലും സ്ഥലം ഏറ്റെടുക്കാത്തതിനാൽ പ്രദേശവാസികൾക്ക് സ്ഥലം ക്രയവിക്രയം ചെയ്യുവാൻ സാധിക്കുന്നില്ല. ഇതുമൂലം മക്കളുടെ വിവാഹത്തിനോ മറ്റാവശ്യങ്ങൾക്കോ വിൽക്കാനാകാതെ പ്രതിസന്ധിയിലാണെന്നും എം.എൽ.എ വിശദീകരിച്ചു.