കൊച്ചി: പ്രണയം നടിച്ചു വശത്താക്കും. പിന്നെ തന്ത്രപരമായി ലോഡ്ജിലും ഫ്ലാറ്രിലും എത്തിച്ച് ദൃശ്യങ്ങളും ചിത്രങ്ങളുമെടുത്ത് ഭീഷണിപ്പെടുത്തും. പണം നൽകിയില്ലെങ്കിൽ ക്രൂര മർദ്ദനം. കോളിളക്കം സൃഷ്ടിച്ച ബ്ലൂ ബ്ലാക്ക്മെയിലിംഗ് സംഘത്തിന്റെ പാതയിൽ തന്നെയായിരുന്നു കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കുടുങ്ങിയ ഹണിട്രാപ് സംഘവും.
സംഘത്തിന്റെ വലയിലായ ആലപ്പുഴ സ്വദേശിയിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപയും കാറും ഈവിധം ഗുണ്ടകൾ തട്ടിയെടുത്തതായാണ് വിവരം. തുക പല അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനാണ് ഇവർ ആവശ്യപ്പട്ടത്. ഈ അക്കൗണ്ടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
നിരവധി പേരെ സംഘം കെണിയിലാക്കിയതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ നാല് പേരുടെ മൊബൈൽ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു.
മുഖ്യപ്രതി ആലപ്പുഴ സ്വദേശി ഫൈസൽ അടക്കം നാല് പേർക്കായി അന്വേഷണം പൊലീസ് ഊർജിതമാക്കി. ഇവർ മലപ്പുറത്തേക്ക് കടന്നതായാണ് വിവരം. പ്രതികളുടെ സുഹൃത്തുക്കളെക്കുറിച്ചും ഫോണിലൂടെ ബന്ധപ്പെട്ടവരെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. നാലുപേരും ഉടൻ തന്നെ പിടിയിലാകും.
വിവിധ ജില്ലകളിൽ നിന്നുള്ള ഗുണ്ടകളും സ്ത്രീകളുമുൾപ്പെട്ടതാണ് സംഘം. കൊച്ചിയിൽ മോഡലിംഗ്, ഫോട്ടോഗ്രാഫി മേഖലകളുടെ മറവിലാണ് പ്രവർത്തനം. കഴിഞ്ഞ ദിവസം കമ്മട്ടിപ്പാടത്ത് നിന്ന് തട്ടിക്കൊണ്ടുപോയ അനി ജോണിനെ തടവിൽ പാർപ്പിച്ച ഇടപ്പള്ളിയിലെ ലോഡ്ജിൽ പൊലീസ് എത്തിയപ്പോൾ മറ്റൊരു മുറിയിൽ ആലപ്പുഴ സ്വദേശിയായ വ്യാപാരിയും തടവിലുണ്ടായിരുന്നു. ഇയാളിൽ നിന്നാണ് സംഘത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭിച്ചത്.