കാലടി: കൊവിഡും കടലാക്രമണവും മൂലം ബുദ്ധിമുട്ടുന്ന ചെല്ലാനം നിവാസികൾക്കു സ്‌നേഹവിഭവങ്ങളൊരുക്കാൻ കാഞ്ഞൂർ കിഴക്കുംഭാഗം ഗ്രാമവാസികൾ കൈകോർത്തു. 'ചെല്ലാനത്തിന് കിഴക്കുംഭാഗത്തിന്റെ സ്‌നേഹം' എന്ന പേരിലുള്ള കൂട്ടായ്മയിൽ അരി, ഏത്തക്കായ, നാളികേരം, മാങ്ങ, ചക്ക, കപ്പ തുടങ്ങി വിവിധ ഭക്ഷ്യവസ്തുക്കൾ മണിക്കൂറുകൾക്കുള്ളിൽ കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളിമുറ്റത്തെത്തി. പലരും പണം നൽകി സഹകരിച്ചു. ലഭിച്ച പണമുപയോഗിച്ചു പലവ്യഞ്ജനങ്ങളും അവശ്യവസ്തുക്കളും സമാഹരിച്ചു.
പള്ളി വികാരി ഫാ. സുബിൻ പാറയ്ക്കൽ, കൈക്കാരൻ ടിജോ വർഗീസ്, യു.പി. വിൽസൻ തുടങ്ങിയവർ നേതൃത്വം നൽകിയ പദ്ധതി ഹെഡ്മാസ്റ്റർ സിജോ പൈനാടത്ത് ഏകോപിപ്പിച്ചു. നാലു വാഹനങ്ങളിലായാണ് ഭക്ഷ്യവസ്തുക്കൾ ചെല്ലാനത്ത് എത്തിച്ചത്. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിമി ടിജോ ഫ്‌ളാഗ് ഓഫ് ചെയ്തു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവള്ളിയും ഫാ.സുബിൻ പാറയ്ക്കലും ചേർന്ന് നാട്ടുകാർക്ക് വിതരണംചെയ്തു.