janaseva
അടച്ചുപൂട്ടുന്ന ആലുവ ജനസേവ ശിശുഭവൻ

ആലുവ: രണ്ട് പതിറ്റാണ്ടോളം തെരുവിൽ അലയുന്ന നിരവധി പേരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തിയ ആലുവ ജനസേവ ശിശുഭവന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു. ജനസേവയിലെ ഭൂരിഭാഗം കുട്ടികളും ഇതര സംസ്ഥാനക്കാരായിരുന്നു. അവരെ അവരുടെ നാടുകളിലേക്ക് പറഞ്ഞയച്ചു. അവശേഷിച്ച 20 പേരെ എസ്.ഒ.എസ് ഗ്രാമത്തിലേക്ക് മാറ്റി.

ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ മനുഷ്യത്വമില്ലാത്ത നടപടിയാണ് ജനസേവയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ പ്രേരണയായതെന്ന് സ്ഥാപകൻ ജോസ് മാവേലി പറഞ്ഞു. ജനസേവയുടെ ആലുവ യു.സി കോളേജിന് സമീപത്തെ കെട്ടിടവും നെടുമ്പാശേരി മധുരപ്പുറത്തെ കെട്ടിടവും നിർധന വിദ്യാർത്ഥികൾക്കുവേണ്ടി സ്‌കോളർഷിപ്പ് പദ്ധതിക്കും സൗജന്യ കായിക പരിശീലനകേന്ദ്രത്തിനുമായി ഉപയോഗിക്കും. 22 വർഷം മുമ്പാരംഭിച്ച ജനസേവ 1000 കുട്ടികൾക്ക് അഭയവും ആശ്രയവുമായിരുന്നു. ചില ഉദ്യോഗസ്ഥരുടെ കെട്ടിച്ചമച്ച ആരോപണങ്ങളെ തുടർന്ന് 2018 മേയ് 20ന് സർക്കാർ ഏറ്റെടുത്തു. മൂന്ന് മാസത്തേയ്ക്കാണ് ഏറ്റെടുത്തതെങ്കിലും മൂന്ന് വർഷമായിട്ടും ജനസേവയ്ക്ക് വിട്ടുതരാതെ ജനസേവയെ ഇല്ലായ്മചെയ്യുകയായിരുന്നെന്ന് ജോസ് മാവേലി ആരോപിച്ചു.

സി.ബി.ഐ. ഒഴികെയുള്ള എല്ലാ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികളും പലതവണ ജനസേവയിൽ റെയ്ഡും അന്വേഷണവും നടത്തിയിട്ടും യാതൊരു കുറ്റവും കണ്ടെത്താനായില്ല. എന്നിട്ടും ഒരിടത്തുനിന്നും നീതി ലഭിച്ചില്ല. പലരിൽ നിന്നും വായ്പ വാങ്ങിയാണ് ജനസേവ മൂന്ന് വർഷക്കാലം കുട്ടികളെ സംരക്ഷിച്ചത്. ജനസേവ സർക്കാർ ഏറ്റെടുത്ത് സാമൂഹ്യനിതി വകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ ജനസേവയിലെ കുട്ടികളുടെ തുടർന്നുള്ള ഭക്ഷണം, വിദ്യാഭ്യാസം, ചികിത്സ, വസ്ത്രം എന്നിവയെല്ലാം സർക്കാർ വഹിക്കുമെന്നാണ് പറഞ്ഞിരുന്നെങ്കിലും നാളിതുവരെ സർക്കാർ പണം ചെലവാക്കിയിട്ടില്ല.
ജനസേവ രക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധരയിലെത്തിച്ച നിരവധി പേരുണ്ട്. 70-തോളം കുട്ടികൾ വിദേശത്തും സ്വദേശത്തുമായി ഹോട്ടൽ മേഖലയിലും രണ്ട് പേർ ബാങ്കുകളിലും രണ്ട് പേർ നേഴ്‌സുമാരായും ഒരാൾ പൊലീസ് ഡിപ്പാർട്ട്‌മെന്റിലും ജോലി ചെയ്യുന്നുണ്ട്. നൂറോളംപേർ വിവിധ വ്യവസായ സ്ഥാപനങ്ങളിലാണ്. 12 പെൺകുട്ടികൾ വിവാഹിതരായി.