പെരുമ്പാവൂർ: ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള കോടനാട് ആനക്കളരിയുടെ ഗതകാലപ്രതാപം വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടനാട് ജനകീയ വേദി രംഗത്ത്. കപ്രിക്കാട് അഭയാരണ്യം സ്ഥാപിച്ചിട്ട് 15 വർഷത്തോളമായി. പെരിയാറിന്റെ തീരത്ത് കാലടി പ്രകൃതി പഠന കേന്ദ്രത്തിന്റെ കീഴിലുള്ള 250 ഏക്കറോളം വരുന്ന ഭൂമിയിലാണ് ഇത്. കോടനാട് ആനക്കളരിയാകട്ടെ നൂറ്റമ്പത് വർഷം മുമ്പുമുതൽ നിരവധി കാട്ടാനകളെ പിടികൂടി പരിശീലനം നൽകിയിട്ടുണ്ട്. ആന പാപ്പാന്മാരെ പരിശീലിപ്പിക്കുന്ന കേന്ദ്രവും ഇവിടുണ്ട്. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അവഗണന മൂലം അഭയാരണ്യവും ആനക്കളരിയും അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് പ്രദേശവാസികൾ പറയുന്നു.
കോടനാടിന്റെ പരിസരപ്രദേശങ്ങളിൽ നിന്നു ലഭികുന്ന ആനക്കുട്ടികളേപ്പോലും മറ്റു പരിശീലനകേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥർ മാറ്റുകയാണെന്നാണ് ആക്ഷേപം. കഴിഞ്ഞ വർഷം ജില്ലയിലെ വടാട്ടുപാറയിൽ കൂട്ടം തെറ്റിയ നിലയിൽ കണ്ടെത്തിയ ആനക്കുട്ടിയെ കിലോമീറ്ററുകൾ അകലെയുള്ള മുത്തങ്ങയിലേക്കാണ് കൊണ്ടുപോയത്. ദിവസങ്ങൾക്കുള്ളിൽ അതിന്റെ ജീവൻതന്നെ നഷ്ടപ്പെടുകയും ചെയ്തു. 2019 ലെ പ്രളയകാലത്ത് മലപ്പുറത്തെ നിലമ്പൂരിൽ നിന്നും ഒഴുക്കിൽപ്പെട്ട നിലയിൽ കണ്ടെത്തിയ ആനക്കുട്ടിയെ അടുത്തുള്ള ആനപരിശീലന കേന്ദ്രമായ കോടനാട്ടേക്ക് കൊണ്ടുവരാതെ പത്തനംതിട്ട ജില്ലയിലെ കോന്നിയിലേക്കാണ് മാറ്റിയത്. പൂർണ ആരോഗ്യവാനായിരുന്ന ഈ ആനക്കുട്ടിയുടേയും ജീവൻ നഷ്ടമായി.
മന്ത്രിക്ക് പരാതി നൽകി
എറണാകുളം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രമായ കപ്രിക്കാട് അഭയാരണ്യവും ആന പരിശീലന കേന്ദ്രവും ഉദ്യോഗസ്ഥരുടെ ദീർഘകാലമായ അവഗണന നേരിടുകയാണെന്ന് കാണിച്ച് ജനകീയവേദി പ്രവർത്തകർ വനം വകുപ്പ് മന്ത്രിക്ക് പരാതി നൽകി.
കോടനാട് ആനക്കളരിയോടും അഭയാരണ്യം ഇക്കോടൂറിസം കേന്ദ്രത്തോടും ഉദ്യോഗസ്ഥർ പുലർത്തുന്ന വിവേചനത്തിനെതിരെ അന്വേഷണം നടത്തി നടപടികൾ കൈക്കൊള്ളണം.
സുകുമാരൻ എം.എസ്,ജനകീയ വേദി ചെയർമാൻ