ravi-poojari

 പൂജാരി തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ

 ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

കൊച്ചി: കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്‌പ് കേസിലെ മൂന്നാം പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ ഇന്നലെ രാത്രി ക്രൈെബ്രാഞ്ച് ബംഗളുരുവിൽ നിന്ന് കൊച്ചിയിൽ എത്തിച്ചു. തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ച ഇയാളെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്.

പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് സംഘം ഇന്നലെ വൈകിട്ട് ഏറ്റുവാങ്ങിയ രവി പൂജാരിയെ ബംഗളുരു വിമാനത്താവളത്തിൽ നിന്ന് എയർ ഏഷ്യ വിമാനത്തിൽ രാത്രി 8.50ഓടെയാണ് കൊച്ചിയിൽ എത്തിച്ചത്. ബംഗളൂരു പൊലീസും ഒപ്പമുണ്ട്. അധോലോക കുറ്റവാളി ആയതിനാൽ യാത്ര, ചോദ്യം ചെയ്യൽ, തെളിവെടുപ്പ് എന്നിവയ്ക്കുള്ള മുന്നൊരുക്കങ്ങൾ ക്രൈംബ്രാഞ്ച് നടത്തിയിട്ടുണ്ട്. പൊലീസും കൊച്ചിയിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. തുടർ നീക്കങ്ങൾ അതീവ രഹസ്യമായി വയ്ക്കാനാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശം. ഈ മാസം എട്ട് വരെയാണ് കസ്റ്റഡി കാലാവധി.

2018 ഡിസംബർ 15നാണ് നടി ലീന മരിയ പോൾ നടത്തുന്ന 'നെയിൽ ആർട്ടിസ്ട്രി' എന്ന ബ്യൂട്ടി പാർലറിനു നേരെ വെടിവയ്പ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിവച്ചത്. നാല് ദിവസം കഴിഞ്ഞ് രവി പൂജാരി ഒരു ചാനലിൽ വിളിച്ച് തന്റെ അറിവോടെയാണ് ആക്രമണം എന്ന് അറിയിച്ചിരുന്നു. അതിന് ഒരുമാസം മുൻപ് ലീന മരിയ പോളിനെ വിളിച്ച് രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു.

വെടിവച്ചവരെ പിന്നീട് അറസ്റ്റ് ചെയ്തു. 2019 ജനുവരി 5നാണ് പൂജാരി സെനഗലിൽ പിടിയിലായത്. വിദേശത്തേക്ക് കടന്ന മറ്റ് പ്രതികളായ മോനായിയേയും അജാസിനെയും വൈകാതെ നാട്ടിലെത്തിക്കും.

വകുപ്പുകൾ കടുപ്പം

2019മാർച്ച് രണ്ടിനാണ് രവി പൂജാരിയെ മുഖ്യപ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. ഗൂഢാലോചന, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തൽ, കൊല്ലുമെന്നു ഭീഷണിപ്പെടുത്തൽ, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ, ആയുധനി​രോധന നി​യമ ലംഘനം എന്നീ വകുപ്പുകളി​ലാണ് കേസ്.