പള്ളുരുത്തി: കൊവിഡ് വ്യാപനപശ്ചാത്തലത്തിൽ പശ്ചിമകൊച്ചിയിലെ എല്ലാ ഡിവിഷനുകളും കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളും അടച്ചുപൂട്ടിയപ്പോൾ നമ്പ്യാപുരം ഡിവിഷനായ ഇരുപതാംവാർഡ് മാത്രം അടച്ചുപൂട്ടിയിട്ടില്ല. കാരണം ഈ വാർഡ് സേഫാണ്. വാർഡുകളിൽ വേണ്ടത്ര ശുചീകരണങ്ങൾ നടത്തി മാതൃകയാവുകയാണ് ഇവിടത്തെ കൗൺസിലർ പി.എസ്. വിജു. ആർക്കും ഒരു കുറവില്ല. സമയത്ത് ഭക്ഷണം, മരുന്ന്, ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനം, വീട്ടിലെക്കുവരാൻ സൗകര്യം തുടങ്ങി എല്ലാ സൗകര്യങ്ങളും റെഡിയാണ്. ഇവിടെ രോഗികൾ ഇപ്പോൾ 50ൽ താഴെ മാത്രമാണ്. കഴിഞ്ഞ കൊവിഡ് വ്യാപനകാലത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുതലായിരുന്നു. ഒരുമാസത്തോളം വാർഡ് ലോക്ക്ഡായിരുന്നു. ഇതിൽനിന്നെല്ലാം പാഠം പഠിച്ചാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങൾ.
റോഡുകളിലെയും വീടുകളിലെയും മാലിന്യങ്ങൾ ദിനംപ്രതി നീക്കംചെയ്യുകയാണ്. അതുപോലെ വീടുകളും മറ്റും കൃത്യമായും അണുവിമുക്തമാക്കുന്നു. ചിട്ടയായ പ്രവർത്തനവും കാര്യക്ഷമമായ ഇടപെടലുമാണ് ഈ വാർഡിൽ രോഗികൾ എണ്ണം കുറച്ചത്. നമ്പ്യാപുരത്തെ കൗൺസിലറുടെ ഓഫീസ് പുലർച്ചെ തുറക്കും. ഇവിടെ എത്തുന്ന ഭക്ഷണം കൊവിഡ് ബാധിച്ചവരുടെയും നിരീക്ഷണത്തിലിരിക്കുന്നവരുടെയും വീടുകളിൽ എത്തും. അതുപോലെ മരുന്നുകളും. രോഗികളെ ലാബുകളിലും ആശുപത്രികളിലും എത്തിക്കാൻ വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരു കൂട്ടം ചെറുപ്പക്കാർ കൗൺസിലർ വിജുവിന്റെ ഒപ്പമുഉള്ളതാണ് കരുത്ത്. കൊവിഡിനെ നമ്മൾ അതിജീവിക്കും. എന്തുപ്രയാസംവന്നാലും നമ്മളുണ്ട് കൂടെ ഇതാണ് ഇവരുടെ മുദ്രാവാക്യം.