1111
മുഹമ്മദ് സഗീർ

 ആക്രമണം കഞ്ചാവ് ഇടപാട് പൊലീസിനെ അറിയിച്ചെന്ന് ആരോപിച്ച്

തൃക്കാക്കര: കഞ്ചാവ് ഇടപാട് വിവരം പൊലിസിൽ അറിയിച്ചെന്ന് ആരോപിച്ച് സി.പി.ഐ പ്രാദേശിക നേതാവിനെ ജാമ്യത്തിനിറങ്ങിയ പ്രതിയും മാതാപിതാക്കളും ചേർന്ന് ആക്രമിച്ചു. സി.പി.ഐ അത്താണി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് സഗീറാണ് ആക്രമിക്കപ്പെട്ടത്.

ഇന്നലെ രാവിലെ ഒൻപതുമണിയോടെ വീട്ടിൽ നിന്ന് വാർഡ് കൗൺസിലറുടെ വീട്ടിലേക്ക് പോകുന്നതിനിടെ കഞ്ചാവ് കേസിലെ പ്രതിയായിരുന്ന ഉമറുൽ ഫറൂക്ക്, പിതാവ് നാസർ, മാതാവ് സാബിയ എന്നിവർ ചേർന്ന് കമ്പിവടിയും മറ്റുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് മുഹമ്മദ് സഗീർ പൊലീസിന് മൊഴി നൽകി. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് കാക്കനാട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് സഗീർ. വലതു കൈ തോളെല്ലിനും മുതുകിലും കൈകൾക്കും പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിൽ 28 കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ സ്വകാര്യ ഹോട്ടലിൽ നിന്ന് ഉമറുൽ ഫറൂക്ക് അടക്കം നാലുപേരെ പിടികൂടിയിരുന്നു. ഉമറുൽ ഫറൂക്കിന്റെ കൈയ്യിൽ നിന്ന് പൊലീസ് ഒന്നേമുക്കാൾ കിലോ കഞ്ചാവും കണ്ടെടുത്തിരുന്നു. തുടർന്ന് റിമാൻഡിലായ പ്രതി കൊവിഡിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ആക്രമണം നടത്തിയത്.

നാസറും സാബിയയും കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിനു ശേഷം ഉമറുൽ ഫറൂക്ക് ഒളിവിലാണ്.

മുഹമ്മദ് സഗീറിനെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എൽ.ഡി.എഫ് നേതാക്കളായ എം.ജെ ഡിക്സൻ, കെ.ബി ദാസൻ എന്നിവർ നേതൃത്വം നൽകി.