4.76ഏക്കറിൽ വാണിജ്യസമുച്ചയം
കൊച്ചി : മഴയൊന്നു ചാറിയാൽ വെള്ളക്കെട്ടിലാകുന്ന എറണാകുളത്തെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് ശാപമോക്ഷം. എറണാകുളം കാരിക്കാമുറിയിലെ ഭൂമിയിൽ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ നിർമ്മാണം ഇൗ വർഷം ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. ഇൗ വർഷത്തെ ബഡ്ജറ്റിൽ ഇക്കാര്യം ഉൾക്കൊള്ളിച്ചിട്ടുണ്ട്.
നിലവിലെ സ്റ്റാൻഡ് പൊളിച്ചുമാറ്റി മാറ്റി 4.76ഏക്കർ സ്ഥലത്ത് വാണിജ്യസമുച്ചയം നിർമ്മിക്കും. സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണക്ഷൻ റോഡും നിർമ്മിക്കും.
മഴക്കാലത്ത് വെള്ളം കയറുന്ന സ്റ്റാൻഡിന്റെ ദുരവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ടി.ജെ. വിനോദ് എം.എൽ.എ സബ്മിഷൻ അവതരിപ്പിച്ചത്. സ്റ്റാൻഡ് കാലപഴക്കം മൂലം ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ഗാരേജിനെക്കാൾ താഴ്ന്നാണ് നിലവിലുള്ള കെട്ടിടം. മഴക്കാലത്ത് കാനയിലേക്ക് വെള്ളം പോകാത്തതിനാൽ വെള്ളക്കെട്ട് രൂക്ഷമാണ്. ദിവസേന 940 ട്രിപ്പുകൾ സർവീസുകൾ നടത്തുന്ന ഈ സ്റ്റാൻഡിൽ നിന്നും ദിവസവും 30000 ആളുകൾ കുറഞ്ഞത് യാത്ര ചെയ്യുന്നുണ്ട്. ഇക്കാരണങ്ങൾക്കൊണ്ട് തന്നെ അടിയന്തരമായി ഇവിടുത്തെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
പ്രതിദിനം 11 ലക്ഷം രൂപ വരുമാനം ലഭിക്കുന്ന ഡിപ്പോയാണിത്. 135 ബസുകൾ ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്നു. ബസ് സ്റ്റാൻഡ് പുനർ നിർമ്മാണത്തിന് മുന്നോടിയായി അനുവദിച്ച താത്കാലിക സ്റ്റാൻഡിന്റെ നിർമ്മാണവും അനിശ്ചിതമായി നീളുകളായിരുന്നു. ഹൈബി ഈഡൻ എം.എൽ.എ ആയിരിക്കെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ടു കോടി താത്കാലിക സ്റ്റാൻഡിനായി നൽകിയെങ്കിലും കരാറുകാരന്റെ അനാസ്ഥമൂലം നിർമ്മാണം പാതി വഴിയിലായി നിന്നു. പൂർത്തീകരിച്ച ഭാഗം പോലും പൊട്ടിപ്പൊളിച്ച സ്ഥിതിയിലാണിപ്പോഴുള്ളത്.