കൊച്ചി: നാടക നടൻ, സാംസ്‌കാരിക പ്രവർത്തകൻ, ബേക്കറി ഉടമ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി... ദേവൻ കുളങ്ങരയിലെ എം.എസ്. ബേക്കറി ഉടമ രഘു ഇടപ്പള്ളിയിലാകെ നിറഞ്ഞു നിൽക്കുകയായിരുന്നു. രഘുവിന്റെ കൈപ്പുണ്യം രുചിക്കാത്ത കൊച്ചിയിലെ ഭക്ഷണ പ്രേമികളില്ല. എം.എസ്. ബേക്കറിയിലെ നാലുമണിപ്പലഹാരത്തിന്റെ ആരാധകർ ഇടപ്പള്ളി മുതൽ വാഷിംഗ്ടൺ വരെയുണ്ട്.
കുപ്പായത്തിനു മേലേ വെള്ള ഏപ്രണും ധരിച്ച് മുന്നിൽ വെളിച്ചെണ്ണ തിളച്ചു മറിയുന്ന വലിയ കറുത്ത ചട്ടിയുമായി മൂന്നു മണി മുതൽ എം.എസ്. ബേക്കറിലുണ്ടാവുമായിരുന്നു. ആറടിപ്പൊക്കവും വെളുത്തസന്യാസിത്താടിയുമായി.
ഏഴുമണിവരെ നാലു മണിക്കൂർ നീളുന്ന നോൺസ്‌റ്റോപ്പ് കച്ചവടം.
നീളൻ അരിപ്പയിൽ കോരിയിടുന്ന ഇടുന്ന വടകളും പൊരികളും നിമിഷ നേരങ്ങൾക്കുള്ളിൽ കാലിയാവും. നാടൻ വെളിച്ചെണ്ണയിൽ പൊരിച്ചു കേരുന്ന പലഹാരങ്ങൾക്ക് വേണ്ടി കുഞ്ഞുങ്ങൾ മുതൽ വയസന്മാർ വരെ കാത്തുനിന്നു. വൈകുന്നേരങ്ങളിൽ ദേവൻകുളങ്ങരയ്ക്ക് പരിപ്പുവടയുടെയും പഴംപൊരിയുടെയും സുഖിയന്റെയുമൊക്കെ കാെതിപ്പിക്കുന്ന ഗന്ധം പകർന്നയാളാണ് രഘു. ചങ്ങമ്പുഴ പാർക്കിലെത്തുന്നവരും സ്‌കൂൾ കുട്ടികളും പരിസരവാസികളും കൂടാതെ ആ രുചിക്കൂട്ടിനെക്കുറിച്ചറിയാമായിരുന്ന മറ്റുനാട്ടുകാരും ഇവിടേക്കെത്തും.
ഒരു കാലത്തു നാടക നടനായും രഘു അരങ്ങിൽ തിളങ്ങി. കൊച്ചിൻ അനുപമ എന്ന നാടകട്രൂപ്പ് നടത്തി കടംകയറി. കുറച്ചു കാലം പ്രശസ്തമായ കലാനിലയം ഏറ്റെടുത്ത് നടത്തി. ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു.