കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ ഈ മാസം 7 ന് ലക്ഷദ്വീപ് ജനത 12 മണിക്കൂർ നിരാഹാരമനുഷ്ടിക്കും. ഇന്നലെ ഓൺലൈൻ ആയി ചേർന്ന, ബി.ജെ.പി ഉൾപ്പെടെ പങ്കെടുത്ത, സർവ്വകക്ഷി യോഗമാണ് ഈ തീരുമാനമെടുത്തത്.
സേവ് ലക്ഷദ്വീപ് ഫോറം സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ലക്ഷദ്വീപിലെ പത്ത് ദ്വീപുകളിലും ഫോറത്തിന്റെ കമ്മിറ്റികൾ രൂപീകരിക്കാനും തീരുമാനിച്ചു. നിരാഹാര സമരത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും കരിങ്കൊടി ഉയർത്തും. കേന്ദ്ര സർക്കാരിന് സമർപ്പിച്ച കരട് നിയമങ്ങൾക്ക് പുറമെ അഡ്മിനിസ്ട്രേറ്റർ സ്വന്തം നിലയിൽ ദ്വീപിൽ നടപ്പിലാക്കിയ നടപടികളും ഉടൻ പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മുഹമ്മദ് ഫൈസൽ എം.പി, സാദിഖ് മുഹമ്മദ്, ഡോ. പി.പി.കോയ, യു സി.കെ തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.