കൊച്ചി: പശ്ചിമകൊച്ചിയിൽ ആധുനിക സംവിധാനങ്ങളുള്ള അറവുശാല നിർമ്മിക്കുന്നതിന് വഴിതെളിയുന്നു. കോർപ്പറേഷന്റെ തനത് ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് മട്ടാഞ്ചേരി മരക്കടവിൽ പുതിയ സംവിധാനം ഒരുക്കാനാണ് തീരുമാനം. ആദ്യഗഡുവെന്ന നിലയിൽ പ്ളാൻ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിക്കാൻ കഴിഞ്ഞദിവസം നടന്ന കൗൺസിൽ യോഗം തീരുമാനിച്ചു. പ്രദേശവാസികളുടെ എതിർപ്പ് കണക്കിലെടുത്ത് അറവുശാലയോട് അനുബന്ധിച്ച് ബയോഗ്യാസ് പ്ളാന്റ് സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു.
40 വർഷത്തിലേറെയായി മരക്കടവിൽ പ്രവർത്തിച്ചിരുന്ന അറവുശാല വേണ്ടത്ര ശുചിത്വ സംവിധാനങ്ങളില്ലാത്തതിന്റെ പേരിൽ 2007ൽ മലിനീകരണ നിയന്ത്രണബോർഡ് അടച്ചുപൂട്ടുകയായിരുന്നു. ഇതോടെ പശ്ചിമകൊച്ചിയിലെ പ്രധാന മാർക്കറ്റുകൾ അറവുശാലയായി മാറി. അംഗീകൃത അറവുശാല ഇല്ലാത്തതിനാൽ അനധികൃത കശാപ്പ് നടത്തുന്നവർക്കെതിരേ നടപടിയെടുക്കാൻ അധികൃതർക്ക് കഴിയുന്നതുമില്ല.
കോടികളുടെ വരുമാനനഷ്ടം
ലൈസൻസ് ഫീസ്, വാടക തുടങ്ങി വിവിധ ഇനങ്ങളിലായി അറവുശാലയിൽ നിന്ന് നേരത്തെ കോർപ്പറേഷന് പ്രതിമാസം 60000 രൂപ ലഭിച്ചിരുന്നു. അധികൃതരുടെ അനാസ്ഥമൂലം കോടികളുടെ വരുമാനമാണ് നഷ്‌ടമാകുന്നത്. പഴയകെട്ടിടം ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്. പുതിയ അറവുശാല നിർമ്മിക്കുന്നതിന് 9 കോടി ചെലവുവരും.ഫണ്ട് ലഭ്യത ഉറപ്പാക്കിയാൽ രണ്ടുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാം.
എം.എച്ച്.എം അഷ്‌റഫ്,
ഡിവിഷൻ കൗൺസിലർ
കശാപ്പുശാലയായി
മാർക്കറ്റുകൾ
അറവുശാല നവീകരണത്തിന് കോർപ്പറേഷൻ വർഷങ്ങളായി നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും 2.4 കോടി ബഡ്ജറ്റിൽ വകയിരുത്തുകയും ചെയ്തിട്ടും തുടർനടപടികൾ ഉണ്ടായില്ല. ഒരു വർഷത്തിനകം പുതിയ അറവുശാല നിർമ്മിക്കുമെന്ന മുൻ മന്ത്രി എ.സി. മൊയ്തീൻ 2019 ലെ പ്രഖ്യാപനവും വാഗ്ദാനത്തിൽ ഒതുങ്ങി. അറവുശാല അടച്ചുപൂട്ടിയതോടെ ജീവിതം വഴിമുട്ടിയ ഇറച്ചിക്കച്ചവടക്കാരും തൊഴിലാളികളും ഇപ്പോൾ പൊതുസ്ഥലങ്ങളിലും മാർക്കറ്റിലും ആടുമാടുകളെ കശാപ്പ് ചെയ്യുന്ന അവസ്ഥയാണ്. യാതൊരു പരിശോധനയുമില്ലാതെയാണ് കശാപ്പ് നടക്കുന്നതെന്നത് കൂടുതൽ ആശങ്കകൾക്ക് കാരണമാകുന്നു. തോപ്പുംപടി, പോളക്കണ്ടം, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി മേഖലകളിൽ മാർക്കറ്റുകൾക്കകത്തും വീട്ടുവളപ്പിലും പൊതുസ്ഥലത്തുമൊക്കെ കശാപ്പ് നടക്കുന്നുണ്ട്.
ശുചിത്വമിഷനും കൈവിട്ടു
അറവുശാല നിർമ്മാണം ഏറ്റെടുക്കാനായി ശുചിത്വമിഷൻ മുന്നോട്ടുവന്നുവെങ്കിലും ആവശ്യത്തിന് സ്ഥലമില്ലെന്ന് പറഞ്ഞ് പിൻമാറി. കുറഞ്ഞത് 50 സെന്റ് സ്ഥലമെങ്കിലും വേണമെന്ന് ശുചിത്വമിഷന് നിർബന്ധമുണ്ട്. 42 സെന്റ് സ്ഥലമാണ് ഇപ്പോൾ കോർപ്പറേഷന്റെ കൈവശമുള്ളത്. റെസിഡൻഷ്യൽ മേഖലയായതിനാൽ കൂടുതൽ സ്ഥലം ഏറ്റെടുക്കാനും നിർവാഹമില്ല. ശുചിത്വമിഷന്റെ പിൻമാറ്റവും കോർപ്പറേഷന് തിരിച്ചടിയായി.